ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍.
കച്ച് നിവാസിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്നയാളാണ്ഭീകരവിരുദ്ധ സ്‌ക്വാഡിൻ്റെ പിടിയിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നയാളാണെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സിദ്ധാര്‍ഥ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷമാണ് ഇയാൾ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 28 കാരിയായ അദിതി ഭരദ്വാജ് എന്ന യുവതിയുമായി ഇയാള്‍ പരിചയത്തിലായി. പിന്നീട് നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തു.
മെയ് 1ന് പ്രാഥമിക അന്വേഷണത്തിനായി ഇയാളെ വിളിച്ചു വരുത്തിയപ്പോഴാണ് പാകിസ്ഥാന്‍ ഏജന്റായി പ്രവര്‍ത്തിച്ച യുവതി ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടതായി എസ്ടിഎഫ് കണ്ടെത്തിയിരുന്നു.
ഈ വർഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം തന്റെ ആധാര്‍ കാര്‍ഡില്‍ ഒരു സിം കാര്‍ഡ് വാങ്ങുകയും അദിതി ഭരദ്വാജിന് മെസേജ് അയക്കുകയും ചെയ്തു.
തുടര്‍ന്ന് എല്ലാ ഫോട്ടോകളും വിഡിയോകളും അയച്ച് കൊടുത്തു. എന്നാൽ ഫോറന്‍സിക് പരിശോധനയില്‍ നമ്പര്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തി. അജ്ഞാതനായ ഒരാള്‍ ഗോഹിലിന് 40,000 രൂപ പണമായി നല്‍കിയതായും സിദ്ധാര്‍ഥ് പറഞ്ഞു.