ടോയ്ലറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി
ഗാന്ധിനഗർ: ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. സമദ് അബ്ദുൾ റഹ്മാൻ ഷാ എന്നയാൾക്കാണ് പിഴ ചുമത്തിയത്.
സമദിന്റെ പെരുമാറ്റത്തെ “അപമാനകരം” എന്ന് വിശേഷിപ്പിച്ച കോടതി സംഭവത്തിൽ ജയിൽ ശിക്ഷ പരിഗണനയിലുണ്ടെന്നും അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ എ.എസ്. സുപേഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ഉത്തരവിട്ടത്.
ജൂലൈ 22 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് കോടതി രജിസ്ട്രിയിൽ ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കാനാണ് ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, ഇത്തരം സംഭവങ്ങൾ തടയുന്നതിൽ നിന്നും രജിസ്ട്രാർ (ഐടി) പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമാണ് സമദ് അബ്ദുൾ റഹ്മാൻ ഷാ കോടതിയോട് അനാദരവ് കാണിക്കുന്ന ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായത്.
ഒത്തുതീർപ്പിനെത്തുടർന്നുള്ള എഫ്‌ഐആർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വാദമായിരുന്നു കോടതിയിൽ നടന്നിരുന്നത്.
‘സമദ് ബാറ്ററി’ എന്ന പേരിലാണ് ഇയാൾ വെർച്വൽ കോടതിയിൽ ലോഗിൻ ചെയ്തിരുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ധരിച്ച് ടോയ്ലറ്റ് സീറ്റിൽ ഇരുന്നു കൊണ്ട് കോടതി നടപടികളിൽ പങ്കെടുക്കുകയായിരുന്നു.
അവസാനം ടോയ്ലറ്റിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ ഇയാൾ തന്നെ കാണിക്കുകയും ചെയ്തു.
ബൈക്ക് യാത്രികന് 5000 രൂപ പിഴ
കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി.
ഇന്നലെ വൈകീട്ട് താഴെ ചൊവ്വയിൽ വെച്ചാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം.
ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.
ബസുകളിൽ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും വിലക്ക്; പിഴ 10,000 രൂപ വരെ
കണ്ണൂർ: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും ‘നോ’ പറഞ്ഞ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ.
കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്നാണ് നിർദേശം.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ പെർമിറ്റ് ഫിറ്റ്നസ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. 10,000 രൂപ വരെ നിയമലംഘകരിൽ നിന്നും പിഴയീടാക്കും.
ഡ്രൈവർക്കെതിരെ നടപടി എടുക്കും. വാതിൽ തുറന്നുവെച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്.
ഇതും ഇനി മുതൽ അനുവദിക്കില്ല. സീറ്റിന്റെ അടിയിൽ വലിയ സ്പീക്കർ ബോക്‌സ് ഘടിപ്പിക്കുന്നത് യാത്രക്കാർക്ക് കാൽ നീട്ടിവെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വ്യാപകമാണെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് അറിയിച്ചു.
നിലവിൽ ബസുകളിൽ പാട്ടിന് നിയമപരമായ വിലക്കുണ്ട്. എന്നാൽ ഇത് ഒട്ടും പ്രാവർത്തികമായിട്ടില്ല.
ദീർഘദൂര-ഹ്രസ്വദൂര ഭേദമില്ലാതെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സംവിധാനം പ്രവർത്തിപ്പിക്കുന്ന ബസുകൾ നിരവധിയാണ്.
Summary: The Gujarat High Court imposed a fine of ₹1 lakh on Samad Abdul Rehman Shah for appearing before the virtual court from a toilet, citing it as disrespectful to the court’s dignity.









