മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ പരാതിയുമായി ഡോക്ടർമാർ. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാരാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകിയത്.
തസ്തികകൾ നിർണയിക്കാതെയുള്ള രാത്രികാല പോസ്റ്റുമോർട്ടംഅധികജോലിക്ക് ഇടയാക്കുകയാണെന്നും ഇത് മാനസിക സമ്മർദത്തിന് കാരണമാകുന്നെന്നും ഡോക്ടർമാർ നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങിയ മെഡിക്കൽ കോളജ് എന്ന ഖ്യാതി മഞ്ചേരിക്ക് ലഭിച്ചെങ്കിലും ഇത് തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ വൈകുന്നതായിരുന്നു നേരത്തെ രാത്രിയിൽ പോസ്റ്റുമോർട്ടത്തിന് തടസ്സമായിരുന്നത്.
രാത്രികാലങ്ങളിലെ പോസ്റ്റുമോർട്ടം നിയമപ്രശ്നം ഉണ്ടാക്കുന്നതായും ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. ഇപ്പോഴുള്ള ഡോക്ടർമാരുടെ തസ്തിക അനുസരിച്ച് നാല് ദിവസത്തിലൊരിക്കൽ മൂന്ന് മണിക്കൂർ ഡ്യൂട്ടിയാണ് അധികം വരുന്നത്. എന്നാൽ ഫോറൻസിക് വിഭാഗം മേധാവി ഇതിനെ എതിർത്തിരിക്കുകയാണ്.
അമിതജോലി ഭാരം ഉണ്ടാക്കുന്നെന്ന പരാതി ശരിയല്ലെന്നാണ് ഫോറൻസിക് വിഭാഗം മേധാവിയുടെ വാദം. ആരോഗ്യ മന്ത്രിക്ക് ലഭിച്ച പരാതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന് കൈമാറി. വിഷയം അന്വേഷിക്കാൻ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് മഞ്ചേരിയിൽ രാത്രികാല പോസ്റ്റുമോർട്ടം ആരംഭിച്ചത്. അതേസമയം, ഡോക്ടർമാരുടെ നടപടിക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.