കണ്ടം ചെയ്യാറായ വാഹനങ്ങള്‍ക്ക് വിലയിടാന്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പോലീസ് കസ്റ്റഡിയിലുള്ള 8000 വാഹനങ്ങളും 15 വര്‍ഷം പഴക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 2000 വാഹനങ്ങളുമാണ് പൊളിക്കാനുള്ളത്.Govt allows Assistant Vehicle Inspectors to value old vehicles for scrapping
സംസ്ഥാനത്ത് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജമായിട്ടില്ലെങ്കിലും വിലയിട്ട് നടപടികള്‍ വേഗത്തിൽ പൂര്‍ത്തീകരിക്കും. ഇതിനു ശേഷം ഇവ ഇതര സംസ്ഥാന സ്‌ക്രാപ്പിങ് സെന്റുകള്‍ക്ക് കൈമാറാനാകും.
വിലയിടീല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിനെ നിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ക്കായിരുന്നു പഴയ വാഹനങ്ങളുടെ വില നിശ്ചയിക്കാന്‍ അധികാരമുണ്ടായിരുന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഇവരെക്കൊണ്ട് ഇത്രയും വാഹനങ്ങളുടെ വില നിര്‍ണയിക്കുന്നത് പ്രായോഗികമല്ലെന്നുകണ്ടാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയത്.
കേസില്‍പ്പെട്ട് ഉടമ ഉപേക്ഷിച്ചതും കോടതി കണ്ടുകെട്ടിയതുമായ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനുകളിലുള്ളത്. കേസില്‍പ്പെട്ട വാഹനങ്ങള്‍ എത്രയും വേഗം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ഇവയില്‍ തകരാര്‍ ഇല്ലാത്തവ വീണ്ടും ഉപയോഗിക്കാന്‍ അനുവാദം തേടിയെങ്കിലും നിയമോപദേശം സ്വീകരിച്ച സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
പഴയവാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരമായി 100 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയവാഹനങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയപ്പോള്‍ ആദ്യഗഡുവായി 50 കോടി രൂപ കേന്ദ്രം കൈമാറിയിരുന്നു. പൊളിക്കല്‍ നയം പൂര്‍ണമായും നടപ്പാക്കിയാല്‍ മാത്രമേ ശേഷിക്കുന്ന തുക കിട്ടുകയുള്ളൂ.