ഗോവിന്ദചാമി ജയിൽ ചാടി
കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി.
കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദ ചാമി ജയിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്.
ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. നേരത്തെ കേസിൽ ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗോവിന്ദ ചാമി രക്ഷപ്പെട്ട വിവരം ജയിൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ആണ് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി പെൺകുട്ടി ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങി.ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.
ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Summary: Govindachamy, the convict serving life imprisonment in the infamous case of raping and murdering a young girl after pushing her from a moving train, has escaped from Kannur Central Jail. Authorities have launched a massive search operation following the prison break.









