ന്യൂ ഡൽഹി : വാർത്താസമ്മേളനങ്ങളിലൂടേയും പ്രസ്ഥാവനകളിലൂടേയും പോരടിച്ച ഗവർണർ – സർക്കാർ തർക്കം ഇനി കോടതിയിലേയ്ക്ക്. ആഴ്ച്ചകൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം കേരളപിറവി ദിനത്തിൽ ഗവർണർക്കെതിരെ ഹർജി ഫയൽ ചെയ്ത് പിണറായി സർക്കാർ. ഒന്നാം തിയതി രാത്രി സുപ്രീംകോടതിയിലെ സർക്കാർ സ്റ്റാൻഡിങ്ങ് കൗൺസിൽ സി.കെ.ശശി വഴി ഹർജി ഫയൽ ചെയ്തു. മൗലിക അവകാശലംഘനങ്ങൾ ചൂണ്ടികാട്ടി നൽകുന്ന റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 32 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിയ്ക്ക് കഴിയും. രണ്ട് വർഷത്തിലേറെയായി ബില്ലുകളിൽ ഗവർണർ ഒപ്പിടുന്നില്ലെന്ന് ഹർജിയിൽ വിമർശിക്കുന്നു.ഇത് ഭരണനിർവഹണത്തെ സ്തംഭിപ്പിക്കുന്നുണ്ട്. ഗവർണറുടെ പെരുമാറ്റം, സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെ പരാജയപ്പെടുത്തുന്നതിന് പുറമെ, നിയമവാഴ്ചയും ജനാധിപത്യമൂല്യങ്ങളും ഉൾപ്പെടുന്ന ഭരണഘടനയുടെ അടിസ്ഥാനങ്ങളെയും അടിസ്ഥാന തത്വങ്ങളേയും പരാജയപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമമാണ്. ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു.അത് തടഞ്ഞുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു.ഗവർണർ ഒപ്പിടാതെ ഒഴിഞ്ഞ് മാറുന്ന എട്ട് ബില്ലുകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
1.യൂണിവേഴ്സിറ്റ് നിയമഭേദഗതി ബിൽ ( ഒന്നാം ഭേദഗതി ) 2021
2.യൂണിവേഴ്സിറ്റ് നിയമഭേദഗതി ബിൽ ( രണ്ടാം ഭേഗദതി ) 2021
3. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ബിൽ
4.കേരള സഹകരണ സൊസൈറ്റി ബിൽ 2022
5.യൂണിവേഴ്സിറ്റി നിയമഭേദഗതി ബിൽ 2022
6.കേരള ലോകായുക്ത നിയമഭേദഗതി ബിൽ 2022
7.പബ്ലിക് ഹെൽത്ത് ബിൽ 2021
8.യൂണിവേഴ്സിറ്റി നിയമഭേദഗതി ബിൽ ( രണ്ടാം ഭേഗദതി ) 2022
ഇവയാണ് ഗവർണറുടെ ഒപ്പ് കാത്തിരിക്കുന്നത്. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിൽ വിശദീകരിക്കുന്നു. ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്ക് ഭരണഘടന നൽകുന്നു. എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നാൽ തുടർ നടപടി എന്തായിരിക്കും എന്നതിനെക്കുറിച്ച് ഭരണഘടന പറയുന്നില്ല. സമയപരിധിക്കുള്ളിൽ ഒപ്പിടണമെന്നും നിർബന്ധമില്ല. ഇത് ഉപയോഗിച്ച് ഹർജിയെ സുപ്രീംകോടതിയിൽ എതിരിടാനായിരിക്കും ഗവർണർ നീക്കം. സമാനമായ പരാതിയുമായി തമിഴ്നാടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഒരേ ആവിശ്യങ്ങൾ അടങ്ങിയ ഹർജി ആയതിനാൽ ഒരുമിച്ച് വാദം കേൾക്കാനും സാധ്യതയുണ്ട്. ഭരണഘടനാ പ്രശ്നമായതിനാൽ പ്രത്യേക ഉത്തരവിലൂടെ ഭരണഘടന ബഞ്ച് രൂപീകരിച്ച് ഹർജി കേൾക്കുന്നതും തള്ളി കളയാനാവില്ല എന്ന് നിയമവിദഗദ്ധർ പറയുന്നു.
ബില്ലുകളിൽ ഒപ്പിടാത്തത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ ഗവർണർ സർക്കാർ നിയമനടപടി സ്വീകരിക്കാൻ വെല്ലുവിളിച്ചു. സമർദത്തിൽ വീഴില്ല, സർക്കാരിന് നിയമനടപടി സ്വീകരിക്കാം എന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ബില്ലുകൾ ഗവർണർ ഒപ്പു വയ്ക്കില്ലെന്ന് ഇതോടെ വ്യക്തമായി. അതിന് ശേഷമാണ് നിയമനടപടികൾ സ്വീകരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചത്. ദില്ലിയിലെ വിവിധ മുതിർന്ന അഭിഭാഷകരുമായി വിഷയം ചർച്ച ചെയ്തു. അവരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് റിട്ട് ഹർജി തയ്യാറാക്കിയത്. കേസിൽ വാദം നടക്കുമ്പോൾ സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകരെ ഹാജരാക്കാൻ ദില്ലിയിലെ സ്റ്റാൻഡിങ് കൗൺസിലിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിർദേശം നൽകി.
രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പരിപാടിയായ കേരളീയം ആരംഭിച്ച നവംബർ ഒന്നാം തിയതി തന്നെയാണ് ഗവർണർക്കെതിരെ ഹർജി നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. സിനിമാ താരങ്ങളെ അണി നിരത്തി തിരുവനന്തപുരത്ത് സർക്കാർ ആഘോഷത്തിന് കൊടിയുയരുമ്പോൾ ദില്ലിയിൽ ഗവർണർക്കെതിരായ ഹർജി സുപ്രീംകോടതി രജിസ്ട്രിയിൽ ഫയൽ ചെയ്യുന്ന തിരക്കിലായിരുന്നു അഭിഭാഷകർ. ഹർജിയിലെ വിവരങ്ങൾ ഒരു വിധത്തിലും ചോർന്ന് പോകാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചിരുന്നു. സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചതിന് ശേഷമാണ് വാർത്ത പുറത്ത് വിട്ടത്.
Read Also : 02.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ