മലപ്പുറം: ഏക സിവില്‍ കോഡിനെതിരായ നീക്കം ദേശീയതലത്തില്‍ വലിയ ക്യാംപയിനായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നിയമ കമ്മീഷനെ ലീഗ് സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ലീഗ് വിഷയം അവതരിപ്പിക്കും. പാര്‍ലമെന്റില്‍ നിലപാട് സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് കാര്യമില്ല. പാര്‍ലമെന്റില്‍ പ്രതികരിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്നാണ് നിയമ കമ്മീഷന്‍ ചെയര്‍മാനയച്ച കത്തില്‍ മുസ്ലിം ലീഗ് പറയുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കും. രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിത്വത്തെയും വിശ്വാസത്തെയും ഭരണഘടന മാനിക്കുന്നു. 25ാം അനുച്ഛേദവും 29 (1) അനുച്ഛേദവും പതിനാറാം അധ്യായവും പ്രതിപാദിക്കുന്നത് ഈ വ്യത്യസ്തതകളെ സംരക്ഷിക്കുമെന്നാണ്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകളിലെ ഭരണസംവിധാനത്തിനും പ്രത്യേക നിബന്ധനകള്‍ നല്‍കിയിരിക്കുന്നു. ഈ നിബന്ധനകളെല്ലാം നല്‍കിയിരിക്കുന്നത് ഈ സ്ഥലങ്ങളിലെ വിശ്വാസപരമായോ സാംസ്‌കാരികമോ ആയ അവകാശങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറില്ല എന്നുറപ്പാക്കാനാണെന്നും നിയമ കമ്മീഷന് നല്‍കിയ കത്തില്‍ മുസ്ലിം ലീഗ് വ്യക്തമാക്കി.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇതുവരെ കണ്ണ് തുറന്നിട്ടില്ല. ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കാര്യകാരണ സഹിതം ആശങ്കകള്‍ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മീഡിയകള്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പേരില്‍ ചിലര്‍ പച്ച വര്‍ഗീയത പറയുകയാണെന്ന് മറുനാടന്‍ മലയാളിയെ പരോക്ഷമായി സൂചിപ്പിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനെ ആര് അനുകൂലിച്ചാലും ലീഗ് എതിര്‍ക്കും. വര്‍ഗ്ഗീയത പറയാന്‍ അവകാശമുണ്ടെന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.