പാരീസ്: ജൂലൈ14 ന് നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡിന് മുന്നോടിയായുള്ള ഇന്ത്യന്‍ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുടെ പരേഡ് പരിശീലനം ഫ്രാന്‍സില്‍ നടന്നു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ് ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ പരിശീലന സെഷന്‍ നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് പരേഡില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സേനാ വിഭാഗങ്ങളെ ഫ്രാന്‍സ് ക്ഷണിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തില്‍ 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുളള കരാറില്‍ ഒപ്പിടും. 26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്. നേരത്തേ 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്.