വീണ്ടും കൂട്ടപിരിച്ചു വിടലിനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ പരസ്യ സെയിൽസ് ടീമിലെ ജീവനക്കാരെയാണ് പിരിച്ചു വിടുക. കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. അതിന് പിന്നാലെയാണ് കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യ, വിൽപന ടീമിൽ നിന്നുള്ളവരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ലാർജ് കസ്റ്റമർ സെയിൽസ് (എൽസിഎസ്) ടീമിൽ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത് എന്നാണ് റിപ്പോർട്ട്. ഈ പിരിച്ചുവിടലുകൾ കമ്പനി ആഗോളതലത്തിൽ നടപ്പാക്കും. അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റെവിടെയെങ്കിലും അപേക്ഷിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകൾ, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിളിലെ 12,000 പേർക്കാണ് തൊഴില്‍ നഷ്ടമായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറും ഓട്ടോമേഷനും സ്വീകരിക്കാൻ കമ്പനി ശ്രമിക്കുന്നതിനാൽ, വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾക്ക് സാധ്യതയുണ്ട്. അതേസമയം ഗൂഗിളിൽ മാത്രമല്ല ഈ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച, ആമസോൺ അതിന്റെ സ്ട്രീമിങ്, സ്റ്റുഡിയോ ഓപറേഷനിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെയും, വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ 500 തൊഴിലാളികളെയും പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.