തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ മൂന്നാഴ്ചയ്ക്കിടെ വ്യാപക കവർച്ച. 4 പവന്റെ സ്വർണമാല, 3 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ, പണം അടങ്ങിയ പഴ്സുകൾ തുടങ്ങി 7 യാത്രക്കാരിൽ നിന്നായി 5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി.
മംഗളൂരു–എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ,കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്ത വെള്ളായണി കാർഷിക കോളജിലെ വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ നീരജയുടെ 40,000 രൂപ വിലയുള്ള ലാപ്ടോപ്പും 8000 രൂപയും, കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ അബ്ദുല്ലയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുടെ മൊബൈൽ ഫോണും ആറായിരം രൂപയും മോഷണം പോയി.
ഇന്റർസിറ്റി ഗുരുവായൂർ എക്സ്പ്രസിൽനിന്ന് കന്യാകുമാരി സ്വദേശി വി.ആർ.ശ്രീദേവിയുടെ 4 പവന്റെ മാല, പുളിയറക്കോണം സ്വദേശി എസ്.ഷാജിയുടെ 33,000 രൂപ വിലയുള്ള ലാപ്ടോപ്, കൂതാളി സ്വദേശി ആർ.എസ്. ജിനുവിന്റെ 52,000 രൂപ വിലയുള്ള ഐ ഫോൺ,ഗുരുവായൂർ–ചെന്നൈ എക്സ്പ്രസിൽ പെരുമ്പഴതൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ 15,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തുടങ്ങിയവയും മോഷണം പോയി.
ശ്രീദേവിയുടെ താലിമാല പാറശാല–നേമം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മോഷണം പോയത്. ട്രെയിൻ വേഗം കുറച്ച സമയം പിന്നിൽനിന്നു മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽനിന്നു ചാടി കടന്നു. മുൻപും സമാനരീതിയിൽ യാത്രക്കാരിയുടെ 3.5 പവന്റെ സ്വർണമാല മോഷണം പോയിട്ടുണ്ട്.
യാത്രക്കാരുടെ അശ്രദ്ധ കാരണമാണ് സാധനങ്ങൾ മോഷണം പോകുന്നതെന്നാണു തമ്പാനൂർ റെയിൽവേ പൊലീസ് പ്രതികരിക്കുന്നത്.
English summary : Gold necklaces, mobile phones , laptops , and wallets containing money ; goods worth Rs 5 lakh were stolen from 7 passengers ; The railway police said that it was the negligence of the passengers