സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ച് കടത്തിയ 576 ഗ്രാം സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്തിയ കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവരും പിടിയിലായി. ഇതിന് പിന്നാലെ കൊച്ചി – നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.
അതേസമയം കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത സ്വര്‍ണ്ണവേട്ടയുടെ വാര്‍ത്ത പുറത്തു വന്നു. എട്ട് യാത്രക്കാരില്‍ നിന്നായി 6.31 കോടി രൂപയുടെ സ്വര്‍ണ്ണം- അഥവാ 8.8 കിലോയോളം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികള്‍ പിടിയിലായി. ചെരിപ്പിന്‍റെ സോളിലും ശരീരത്തിലുമായി ഇവര്‍ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്.
Read More: ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ എന്നെന്ന് മെയ് 20ന് അറിയാം