ന്യൂഡൽഹി: ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉൽക്ക ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്.
612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റർ) വീതിയാണുള്ളത്. അപകടകാരിയായ ഉൽക്കകളുടെ ഗണത്തിൽപ്പെടുന്നതാണിത്.
ഭൂമിയുമായി കൂട്ടിയിടിച്ചാൽ നാശം വിതയ്ക്കാൻ തക്ക വലുപ്പമുള്ളവയാണിതെന്ന് വിദഗ്ദർ പറയുന്നു. 42 ലക്ഷം കിലോമീറ്റർ അകലെ, അല്ലെങ്കിൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 11 മടങ്ങ് ദൂരത്ത് കൂടിയാണിത് കടന്നുപോകുന്നത്.
വലുപ്പം കൊണ്ട് മാത്രമല്ല ഇവയെ അപകട വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ അപ്പോളോ ടൈപ്പ് നിയർ എർത്ത് ഒബ്ജക്റ്റ് (എൻഇഒ) ആയി തരംതിരിച്ചിരിക്കുന്നത്.
നാസയുടെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ഗ്ലോബൽ നെറ്റ് വർക്ക്‌സ് ടെലസ്‌കോപ്പുകൾ വഴി ഇത്തരം ഉൽക്കകളെ നിരീക്ഷിച്ച് വരുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന നിരവധി ഉപഗ്രങ്ങൾ ഇത്തരത്തിലുണ്ട്.