ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത ട്രാൻസിറ്റ് യാത്ര അനുവദിച്ച് ജർമ്മനി
ബെർലിൻ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത ട്രാൻസിറ്റ് യാത്ര അനുവദിച്ച് ജർമ്മനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു.
ജർമ്മൻ വിമാനത്താവളങ്ങൾ വഴിയായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
ഇതോടെ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ലളിതവും വേഗതയേറിയതുമാകുകയും അനാവശ്യ പേപ്പർവർക്കുകൾ ഒഴിവാകുകയും ചെയ്യും.
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യക്കാർക്ക് വിസ രഹിത ട്രാൻസിറ്റ് അനുവദിക്കുന്ന കാര്യം വ്യക്തമാക്കിയത്.
ചാൻസലറായി അധികാരമേറ്റതിന് ശേഷമുള്ള മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനവും ആദ്യ ഏഷ്യൻ സന്ദർശനവുമാണിത്. ജർമ്മൻ സർക്കാരിന്റെ ഈ നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ പൗരന്മാരുടെ അന്താരാഷ്ട്ര യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ഇന്ത്യ–ജർമ്മനി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
യാത്രാസൗകര്യം വർധിപ്പിക്കുന്നതോടൊപ്പം ജനങ്ങൾ തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ആഴത്തിലാക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾ, ഗവേഷകർ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, കലാകാരന്മാർ, വിനോദസഞ്ചാരികൾ തുടങ്ങിയവരുടെ വർധിച്ചുവരുന്ന കൈമാറ്റത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ, നവീകരണം, സാംസ്കാരിക രംഗം എന്നിവയിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകൾ ജർമ്മനി അംഗീകരിച്ചു.
വിദ്യാഭ്യാസം, ഗവേഷണം, തൊഴിൽപരിശീലനം, സംസ്കാരം, യൂത്ത് എക്സ്ചേഞ്ച് പരിപാടികൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രസ്താവന ഊന്നിപ്പറയുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളെയും ബിരുദധാരികളെയും ജർമ്മൻ തൊഴിൽ വിപണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഇൻഡോ–ജർമ്മൻ റോഡ്മാപ്പ് തയ്യാറാക്കുന്നതിനും ധാരണയായി. ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ ജർമ്മൻ സർവകലാശാലകളെ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു.
ജർമ്മനി എടുത്ത പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങിയ ജർമ്മൻ വിമാനത്താവളങ്ങളിൽ ഇടവേളയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല.
മുൻപ്, ഷെൻഗൻ മേഖലയിലേക്ക് പ്രവേശിക്കാതിരുന്നാലും ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. പുതിയ ഇളവ് ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
അതേസമയം, ജർമ്മനിയിലേക്കോ മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്കോ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ടൂറിസ്റ്റ്, ബിസിനസ് അല്ലെങ്കിൽ സ്റ്റുഡന്റ് വിസകൾ ആവശ്യമായിരിക്കും.
ഈ തീരുമാനം അയർലണ്ടിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഗുണകരമാകും. ഒരേ ടിക്കറ്റിൽ, വിസ തടസ്സങ്ങളില്ലാതെ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കുന്നതോടെ 3 മുതൽ 5 മണിക്കൂർ വരെ യാത്രാസമയം കുറയുമെന്നും വിലയിരുത്തപ്പെടുന്നു.









