സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. George Kurien gets double life sentence and Rs 20 lakh fine
വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ , കൊലപാതകം , വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ ജോർജ് കുര്യൻ ചെയ്തിട്ടുണ്ടെന്നാണു കോടതി കണ്ടെത്തിയത്. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്.
50 വെടിയുണ്ടകൾ നിറച്ച വിദേശനിർമിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചെന്നും കണ്ടെത്തിയിരുന്നു. വിധിയിൽ സംതൃപ്തരാണെന്നും പരമാവധി ശിക്ഷ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറഞ്ഞു.