കൊല്ലം: ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഗാനമേളയാണ് വിവാദമായത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിലാണ് കടക്കൽ പോലീസ് കേസെടുത്തത്.
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകരെ പ്രതിചേർത്താണ് കേസെടുത്തത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്.
ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്.
സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇതിനിടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ആരോപണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷ് രംഗത്തെത്തി.