റാന്നി: വീടിൻറെ വാതിലുകളും ജനലുകളും നിർമിച്ച നൽകിയതിൽ തട്ടിപ്പ് നടത്തിയ വ്യക്തി വീട്ടുടമക്ക് 2,03,000 രൂപ നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു.( Fraud in providing the doors and windows of the house)
റാന്നി ഉന്നക്കാവ് തുലാമണ്ണിൽ ജോബിൻ ജോസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ നൽകിയ പരാതിയിലാണ് ഉത്തരവ്. വാതിലുകളും ജനലുകളും നിർമിക്കാൻ കരാർ നൽകിയ കോട്ടയം മണിമല കടയനിക്കാട് സ്വദേശി പുതുപ്പറമ്പിൽ പി.എസ്. ജയനാണ് തുക അടക്കേണ്ടത്.
2021ൽ കോയിപ്രം വില്ലേജിൽ നിർമാണം ആരംഭിച്ച വീടിൻറെ കരാറാണ് തർക്കത്തിനൊടുവിൽ കോടതി കയറിയത്. വീടിനാവശ്യമായ ജനൽ, വാതിലുകൾ എന്നിവയുടെ മാതൃകകളും മറ്റും നേരത്തെ പറഞ്ഞിരുന്നു. തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ ഉപയോഗിച്ച് മാത്രമേ നിർമാണം നടത്താവൂവെന്നും നിർദേശം ഉണ്ടായിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ ജയന്, ജോബിൻ പല തവണകളായി 1,52,000 രൂപ നൽകി. എന്നാൽ എതിർ കക്ഷിയായ ജയൻ മൂപ്പെത്താത്ത പലകകളും മറ്റ് തടികളും ഉപയോഗിച്ചാണ് പണി നടത്തിയത്. ഇതോടെ വാതിലുകളും ജനലുകളും മറ്റും വളഞ്ഞും വിടവുണ്ടായും ഉപയോഗശൂന്യമായി .
പിന്നീട് പുതിയ ജനലുകളും വാതിലുകളും നിർമിച്ച ശേഷമാണ് ഹർജിക്കാരന് പുതിയ വീട്ടിലേക്ക് താമസം മാറ്റാനായത്. ജയൻ വാങ്ങിയ 1,52,000 രൂപ ഹരജിക്കാരന് തിരികെ നൽകാൻ ധാരണയായെങ്കിലും അവധികൾ കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതോടെയാണ് കമീഷനിൽ പരാതി നൽകിയത്.
തുടർന്ന് ഇരുകക്ഷികളും കമീഷന് മുമ്പാകെ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. മോശം തടി ഉപയോഗിച്ച് വാതിലുകളും ജനലുകളും നിർമിച്ചതിനാൽ വാതിലുകളും ജനലുകളും വളയുകയും ശിഥിലമാകുകയും ചെയ്തതായി കമീഷൻ കണ്ടെത്തി. തടിപ്പണിയിൽ കരാറുകാരൻ ഗുരുതര പിഴവ് വരുത്തിയതായി ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിലയിരുത്തി.
ഇതനുസരിച്ച്, ഹരജിക്കാരന് 1,52,000 രൂപയും, നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പ്രതിഭാഗം നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. കമീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Read Also: ദന്തേവാഡയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് പരിക്ക്