പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്
പാരീസ്: മറ്റു രാജ്യങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രഖ്യാപനം ഉണ്ടായത്.
ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും നടന്നത്.
പലസ്തീനും ഇസ്രയേലും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഫ്രാൻസിന്റെ നീക്കം കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
കൂടാതെ ബ്രിട്ടൺ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോൺ സംസാരിക്കവേ പ്രശംസിച്ചു.
അതേസമയം പലസ്തീനെ നശിപ്പിക്കുക എന്ന ദൗത്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ തുടരുകയാണ് ഇസ്രയേൽ. ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കി.
എന്നാൽ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പലസ്തീനെ രാജ്യമായി അംഗീകരിച്ചു
ലണ്ടന്‍: പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയിറക്കി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് മൂന്നു രാജ്യങ്ങളും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ ജി 7 രാജ്യം കാനഡയാണ്. തൊട്ടുപിന്നാലെയായിരുന്നു ഓസ്ട്രേലിയയുടെ അംഗീകാരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു.
Summary: French President Emmanuel Macron announces France’s recognition of Palestine as an independent state at the UN summit.









