ഹോർലിക്സിൽ പുഴു
കോഴിക്കോട്: സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഹോർലിക്സിൽ പുഴു ഉള്ളതായി പരാതി. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിയുമായി രംഗത്തെത്തിയത്.
കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ നിയപരമായ നടപടികൾ സ്വീകരിക്കാൻ ആണ് കുടുംബത്തിന്റെ തീരുമാനം.
ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് മക്കള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു.
തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സ് പാക്കറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയത്. ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട്.
സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ ആണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ആണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും.
ഗോതമ്പ് പൊടിയിൽ പുഴു
തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. ഈ ഗോതമ്പ് പൊടി ഉപയോഗിച്ച് ചപ്പാത്തിയുണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തൃശൂർ ചേലക്കരയിലാണ് സംഭവം. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്. തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയുടെ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്.
2 പാക്കറ്റ് ആട്ട വാങ്ങി അരിച്ച സമയത്താണ് നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും അനുഭവപ്പെട്ടു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചെന്ന പരാതി ഉയരുന്നുണ്ട്.
ആശുപത്രി കാന്റീനിൽ നിന്നും കാൻസർ രോഗിക്ക് നൽകിയ ഭക്ഷണത്തിൽ പുഴു; വയറുവേദനയെ തുടർന്ന് യുവാവ് ചികിത്സയിൽ
കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ജൂണിലാണ് സംഭവം നടന്നത്.
ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കാന്റീനിൽ നിന്ന് വാങ്ങിയ ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടത്.
സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്ന് അൽഫാസിൻ്റെ കുടുംബം ആരോപിച്ചു.
കാൻസർ രോഗബാധിതയായ അൽഫാസ് കഴിച്ച പ്രഭാതഭക്ഷണത്തിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്.
കോഴിക്കടയിൽ പുഴുവരിച്ച കോഴികൾ; മാലിന്യം തള്ളാൻ നമ്പർ പ്ലേറ്റില്ലാത്ത വാഹനം; ഹലാൽ മീറ്റ് സെന്‍ററിനെതിരെ നടപടി
തൃശൂർ: ചത്ത കോഴികളെ കടയിൽസൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി.
നഗരസഭ ആരോഗ്യവിഭാഗം കടയിൽ നടത്തിയ പരിശോധനയിലാണ് പത്തിലേറെ ചത്ത കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.
കടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്.
ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനെതിരെയാണ് നഗരസഭയുടെ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
Summary: A complaint has been filed in Narikkuni, Kozhikode, after a customer, Nidheesh from Chakkalakkal, allegedly found worms in a Horlicks packet purchased from a supermarket. The incident has raised serious concerns about food safety.