ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൈദരാബാദിൽ ജനിച്ച താരം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. വിക്കറ്റുകൾക്കിടയിൽ ഉള്ള ഓട്ടത്തിന്റെ കാര്യത്തിൽ ഇദ്ദേഹം പ്രസിദ്ധനാണ്.
ബ്രിസ്ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ 55 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. അതേ പരമ്പരയിൽ, ആബിദ് അലി രണ്ട് മികച്ച അർദ്ധ സെഞ്ച്വറികളും (78 ഉം 81 ഉം) സ്വതമാക്കിയിരുന്നു. 1971 ൽ ഇംഗ്ലണ്ടിനെതിരായ പ്രശസ്തമായ വിജയത്തിൽ ഓവലിൽ വിജയ റൺസ് നേടിയതിലൂടെയും ഇദ്ദേഹം പ്രശസ്തനായിരുന്നു.
ഇന്ത്യയ്ക്ക് പുറമെ ഹൈദരാബാദിനും ദക്ഷിണ മേഖലയ്ക്കുമായി 22 വർഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരം 1978 മുതൽ പരിശീലകൻ എന്ന നിലയിലും തിളങ്ങി. ഇന്ത്യയ്ക്കായി 29 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ആബിദ് 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !
നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി ജോലിക്കാർ. മുംബൈയിലാണ് സംഭവം. മോഷണവുമായി ബന്ധപ്പെട്ട് വരുൺ ജന, ശ്രീകാന്ത് എന്നിവർക്കെതിരെ എൽ.ടി മാർഗ് പൊലീസ് കേസെടുത്തു.
മുംബൈയിലെ സാവേരി ബസാറിൽ ആണ് സംഭവം നടന്നത്. സാവേരി ബസാറിൽ സ്വർണാഭരണ ബിസിനസ് നടത്തുന്ന നിലേഷ് ജെയിനാണ് പരാതിനൽകിയത്. ദീർഘനാളത്തെ പരിചയം വെച്ച് നൽകിയ സ്വർണ്ണവുമായി ഇരുവരും മുങ്ങി എന്നാണ് പരാതി.
ദീർഘനാളത്തെ പരിചയമുള്ള ഇവരെ ആഭരണ നിർമാണവും അറ്റകുറ്റപ്പണികളും അവരെ സ്ഥിരമായി ഏൽപ്പിക്കാറുണ്ടായിരുന്നുവെന്ന് നിലേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആ വിശ്വാസത്തിൽ അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ജനുവരി ഒന്നിനും 19നും ഇടയിൽ 1,536 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണം ഇരുവർക്കും കൈമാറി. എന്നാൽ പണി പൂർത്തിയാക്കാതെയും സ്വർണം തിരികെ നൽകാതെയും ഇരുവരും മുങ്ങുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പലതവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾക്ക് മറുപടി ലഭിക്കാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ നിലേഷ് എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ രണ്ട് സംഘങ്ങളെ മുംബൈക്ക് പുറത്തേക്ക് അയച്ചിട്ടുണ്ട്.
രണ്ട് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.