കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക.ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.
നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്.
തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.
Former District Panchayat President and CPM leader P P Divya was questioned by the police