തൃശ്ശൂര്‍: തൃശ്ശൂർ പൂരത്തിന് വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിദേശ വ്ലോഗർ ആയ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ദുരനുഭവം പങ്കുവച്ചത്.
പൂര വിശേഷങ്ങൾ തിരക്കുമ്പോൾ ഇയാൾ വിദേശ വനിതയെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. UNSTUK with Mac & Keen എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.