കാലിഫോർണിയ: ജെമിനിഡ് ഉൽക്കാവർഷം കാണാൻ അവസരം ലഭിക്കാത്തവർക്ക് ഇതാ മറ്റൊരു ഉൽക്കാമഴ കാണാൻ സുവർണാവസരം. ഇന്നും നാളെയും ഉർസിഡ് ഉൽക്കാമഴയാണ്.
2024ലെ അവസാന ഉൽക്കാമഴയാണ് ഇത്. ഡിസംബർ 17 മുതൽ 26 വരെയാണ് ഉർസിഡ് ഉൽക്കാവർഷത്തിൻറെ കാലയളവ്. ഡിസംബർ 21-22 തിയതികളിൽ ഉർസിഡ് ഉൽക്കാമഴ സജീവമാകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മണിക്കൂറിൽ 10 വരെ ഉൽക്കകളെ ആകാശത്ത് ഈ ദിവസങ്ങളിൽ കാണാനാകും.
എന്നാൽ ഇത്തവണ ചാന്ദ്ര പ്രഭ കാരണം ഉൽക്കാ ജ്വലന കാഴ്ചയുടെ എണ്ണം മണിക്കൂറിൽ അഞ്ച് വരെയായി ചുരുങ്ങാമെന്നും റിപ്പോർട്ട് ഉണ്ട്. ഉത്തരാർദ്ധഗോളത്തിലാണ് പ്രധാനമായും ഉർസിഡ് ഉൽക്കാവർഷം ദൃശ്യമാവുക എന്ന് വാനനിരീക്ഷകർ പറഞ്ഞു. അവിടെ 22-ാം തിയതി പുലർച്ചെ ഉൽക്കകളെ വ്യക്തമായി കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഉൽക്കാമഴ 2025ലായിരിക്കും. 2025 ജനുവരി 2-3ന് തിയതികളിൽ സജീവമാകുന്ന ക്വാഡ്രാൻടിഡ്‌സ് ആണിത്.
ധൂമകേതു 8P/ടട്ടിൽ അവശേഷിപ്പിച്ച ബഹിരാകാശ അവശിഷ്ടങ്ങളുടെ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉർസിഡ് ഉൽക്കാവർഷം എല്ലാ വർഷവും ഭൂമിയിൽ സാധാരണയായി ദൃശ്യമാവുന്നത്. 1790ലാണ് ഈ ധൂമകേതുവിനെ വാനനിരീക്ഷകർ കണ്ടെത്തിയത്. 1858ൽ ധൂമകേതു 8P/ടട്ടിലിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. ഈ ധൂമകേതു സൂര്യനെ ചുറ്റുമ്പോഴുണ്ടാകുന്ന കണങ്ങളും അവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലെത്തി എരിഞ്ഞമരുന്നതാണ് ഉർസിഡ് ഉൽക്കാമഴയിൽ സാധാരണയായി സംഭവിക്കുന്നത്.
ഡിസംബർ 12നും 13നും ജെമിനിഡ് ഉൽക്കാവർഷം സജീവമായിരുന്നു. മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാനാവുന്ന അപൂർവ ദൃശ്യവിരുന്നായിരുന്നു ഇത്. ഏറ്റവും തെളിച്ചവും വേഗമുള്ളതുമായ ഉൽക്കാവർഷം എന്നാണ് ജെമിനിഡിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നൽകിയിരുന്ന വിശേഷണം. മണിക്കൂറിൽ 241,000 കിലോമീറ്റർ വേഗത്തിലാണ് ജെമിനിഡ് ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നത്ത്. ജെമിനിഡ് ഉൽക്കകളുടെ ജ്വലനം വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് നിറങ്ങൾ ആകാശത്ത് സൃഷ്ടിച്ചതിൻറെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു.