തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉപരാഷ്ട്രപതി എത്തുന്നത്.For a two-day visit, Vice President Dr. Jagdeep Dhankar will reach Kerala today
ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ നടക്കുന്ന 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയാണ് ഉപരാഷ്ട്രപതി.
ഇന്നു രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാനായി പോകും.
മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും. ഐഎസ്ആർഒ അധ്യക്ഷനും ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ എസ് സോമനാഥ്, ചാൻസലർ ഡോ. ബി.എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
ശേഷം മൂന്ന് മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടർന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്.
ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.