കോട്ടയം: ഓൺലൈൻ വഴി ട്രിമ്മർ ഓർഡർ ചെയ്തയാൾക്ക് മൂന്നു തവണ തെറ്റായ ഉൽപ്പന്നം നൽകിയ ഫ്ലിപ്കാർട്ടിന് പിഴ. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി. കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 25,000 രൂപ പിഴ ചുമത്തിയത്.(Flipkart fined Rs 25,000 for delivered wrong product)
ഫ്ലിപ്കാർട്ടിൽ നിന്ന് സന്ദീപ് ട്രിമ്മർ ഓർഡർ ചെയ്തിരുന്നു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും തെറ്റായ ഉൽപ്പന്നം ലഭിക്കുകയായിരുന്നു.
തുടർന്ന് ആദ്യം ഫ്ലിപ്കാർട്ടിനാണ് സന്ദീപ് പരാതി നൽകുന്നത്. മറുപടി ലഭിക്കാതിരുന്നതോടെ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവിൽ നിർദേശിച്ചു. പിഴച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി കൈമാറും.