കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ഗ്യാസ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച അഞ്ച് പേരും കാർ യാത്രികരാണ്. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതു വൈകിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി.
