തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കൻ കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരളം- തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം.
Read Also: മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇക്കു നേരെ ആക്രമണം: പ്രകോപനം ടിക്കറ്റ് ചോദിച്ചത്: അറസ്റ്റ്