ചെന്നൈ: രാജ്യത്ത് അടുത്തമാസം തന്നെ വന്ദേമെട്രോ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്നും അധികൃതർ അറിയിച്ചു. ആദ്യ വന്ദേ മെേട്രാ ട്രെയിൻ ചെന്നൈയിൽനിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നും അധികൃതർ സൂചന നൽകി.പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേ മെട്രോ ട്രെയിൻ ഓടുന്നത്. ശീതീകരിച്ച മെട്രോ ട്രെയിനിന്റെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ സാധിക്കും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയും മൊബൈൽ ചാർജിങ് പ്ലഗുകളുമുണ്ടാകും. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി.ക്യാമറകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകൾ, മികച്ച ശൗചാലയങ്ങൾ എന്നിവയും പ്രത്യേകതകളാണ്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ടാകും.