മസ്കത്ത്: ഒമാനിൽ നാലു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്ന് ഇന്ത്യക്കാരനെ തടവിൽ ഇടാനും പിന്നീട് നാട് കടത്താനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. മുഹമ്മദ് ഫറാസ് എന്നയാളെയാണ് രണ്ടു വർഷത്തെ തടവിന് വിധിച്ചിരിക്കുന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലിവ ഹൈവേയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. അപകടത്തിൽ നാലുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡിവൈഡ് റോഡിലൂടെ തെറ്റായ ദിശയിൽ അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകട കാരണം. സംഭവത്തിൽ മുഹമ്മദ് ഫറാസ് കുറ്റക്കാരനാണെന്ന് ലിവ പ്രാഥമിക കോടതി കണ്ടെത്തി.
അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് രണ്ട് വർഷത്തെ തടവും, ഗതാഗത തടസ്സം സൃഷ്ടിച്ചതിന് മൂന്ന് മാസത്തെ അധിക തടവും കോടതി വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. മുഹമ്മദ് ഫറാസിന്റെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. തടവുകാലം കഴിഞ്ഞ ശേഷം ഇയാളെ രാജ്യത്തു നിന്ന് ആജീവനാന്ത കാലത്തേക്ക് നാടു കടത്താനും കോടതി ഉത്തരവിൽ പറയുന്നുണ്ട്.