ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 164000 ഡോളർ ( ഒന്നരക്കോടി രൂപ) തട്ടിയെടുത്ത വൈദികൻ പിടിയിൽ. അമേരിക്കയിലെ അയോവയിലാണ് സംഭവം.
ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ(Fr. Tom Thakadipuram ) അമേരിക്കൻ പോലീസാണ് അറസ്റ്റ് ചെയ്തത്.
അയോവ സംസ്ഥാനത്തിലെ ഡെസ് മോയിൻസ് ( The Diocese of Des Moines ) രൂപതാംഗമാണ് മലയാളിയായ ഫാദർ ടോം തകടിപ്പുറം(61). 2011 മുതൽ യുഎസിലെ വിവിധ ഇടവകകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
നിലവിൽ ഷെനഡോവ സെന്റ് മേരീസ് പള്ളിയിലെ വികാരിയാണ് ഫാദർ ടോം തകടിപ്പുറം. ഇത് കൂടാതെ ഹാംബർഗിലെ ഇടവകയുടെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2017 മുതൽ ഈ രണ്ട് പളളികളുടെയും വികാരിയാണ് ഫാദർ ടോം തകടിപ്പുറം.
കഴിഞ്ഞ മാസം അവസാനമാണ് ഇദ്ദേഹം അമേരിക്കൻ പോലീസിന്റെ പിടിയിലായത്. കോടതി രേഖകൾ പ്രകാരം തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.
ഈ വർഷം ജനുവരിയിലാണ് തകടിപ്പുറം തട്ടിപ്പ് തുടങ്ങിയതെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഒരു തട്ടിപ്പ് മിഷണറി സംഘടനയുടെ മറവിൽ ഇടവകയുടെ 24000 ഡോളർ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നിക്ഷേപിച്ച ശേഷം ,പിന്നീട് ഇത് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലായി 164,000 ഡോളർ തട്ടിയെടുത്തു എന്നാണ് കേസ്. മിഷണറി സംഘടനയുടെ ചുമതലക്കാർ തന്നെ കബളിപ്പിച്ചു പണം തട്ടിയെടുത്തു എന്നാണ് ഇടവകയുടെ ചുമതലക്കാരോട് ഇദ്ദേഹം പറഞ്ഞിരുന്നത്.
പിന്നീട് പോലീസ് അന്വേഷണത്തിലാണ് തകടിപ്പുറത്തിന്റെ തരികിടകൾ വെളിച്ചത്തായത്. കഴിഞ്ഞ മാസം 22ന് അയോവ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കോടതി വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.
തട്ടിപ്പ് കേസിൽ പ്രതിയായതിനെത്തുടർന്ന് നിലവിൽ ഇടവക വികാരി സ്ഥാനം രാജിവെച്ചു മാറി നിൽക്കുകയാണ്. കാനോനിക നിയമപ്രകാരമുള്ള അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് രൂപത വക്താവും പറഞ്ഞു.
ക്ലാരെഷ്യൻ സന്യാസ സമൂഹാംഗമായ ഫാദർ ടോം തകടിപ്പുറം നേരത്തെ കേരളത്തിലെ പ്രശസ്തമായ ഒരു സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി 2000 ത്തിൽ മിനസോട്ടയിലെ ജോൺ വിയാനി സെമിനാരിയിൽ ചേരുകയായിരുന്നു. ഇടവക വികാരി എന്ന ചുമതലയ്ക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളിലും തകടിപ്പുറം സജീവമായിരുന്നു. ഇദ്ദേഹം പാല പൂവരണി സ്വദേശിയാണ്.