വിമാനത്തിൽ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തുകയും ചെയ്ത യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്.
സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്. യുഎസ് പൗരനായ അകിന്യേല സാവ ടെയ്‌ലർ ആണ് വിമാനത്തിൽ പരിഭ്രാന്തി പടർത്തിയതെന്ന് ബെലീസ് പൊലീസ് കമ്മിഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു.
49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്.
ആക്രമണത്തിൽ മൂന്നു യാത്രക്കാർക്ക് പരുക്കേറ്റു. ഇതിനിടെ ഇയാളെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇയാൾ എന്തിനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം തേടി ബെലീസിയ യുഎസ് എംബസിയെ സമീപിച്ചു.
വിമാനം ലാൻഡ് ചെയ്തതോടെ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ടെയ്‌ലറെ വെടിവച്ച യാത്രക്കാരനെ കമ്മിഷണർ ചെസ്റ്റർ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.