മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്
കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ യുവാവിന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് ആണ് ദാരുണ സംഭവം നടന്നത്. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലി (32)യാണ് അപകടത്തിൽപ്പെട്ടത്.(Fell down from train; young man seriously injured)
കണ്ണൂരിൽ വെച്ച് മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കാൽ പൂർണമായി അറ്റുപോകുകയായിരുന്നു. കൈക്കും പരിക്കേറ്റിട്ടുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തിയാണ് ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.