വാഷിങ്ടണ്‍: യു.എസിൽ ഉണ്ടായ കാറപകടത്തിൽ മൂന്ന് ഗുജറാത്ത് സ്വദേശിനി കൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ രേഖാബന്‍ പട്ടേല്‍, സംഗീതബന്‍ പട്ടേല്‍, മനിഷാബന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. യു.എസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിൽ ആയിരുന്നു അപകടം. അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
നാലുപേര്‍ സഞ്ചരിച്ച എസ്.യു.വി കാർ ആണ് അപകടത്തില്‍പ്പെട്ടത്. പാതയുടെ നാല് ലൈനിലൂടെയും നിയന്ത്രണംവിട്ട് സഞ്ചരിച്ച് വരമ്പുകള്‍ക്കുമുകളിലൂടെ കയറിയിറങ്ങി വായുവില്‍ 20 അടിയോളം ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് വാഹനം മരത്തിലിടിച്ച് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അമിതവേഗമാണ് അപകടകാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.സൗത്ത് കരോലിന ഹൈവേ പട്രോള്‍, ഗാന്റ് അഗ്നിരക്ഷാസേന, ഗ്രീന്‍വാലി ഇ.എം.എസ്. യൂണിറ്റുകള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുടെ നില അതീവഗുരുതരമാണ്.