ഏലക്ക വില തുടർയായി ഇടിഞ്ഞതോടെ വേനൽക്കാലത്ത് വലിയ പരിചരണം നൽകി ഏലച്ചെടി സംരക്ഷിച്ച കർഷകർക്ക് കൈപൊള്ളി. മാർച്ച് ആദ്യ വാരം 2800 രൂപയോളം ഏലക്കായക്ക് ലേല കേന്ദ്രങ്ങളിൽ ശരാശി വില ലഭിച്ചിരുന്നു. 3000 രൂപയ്ക്ക് മുകളിൽ ഉയർന്ന വിലയും ലഭിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇ- ലേലത്തിൽ 2100- 2150 രൂപയാണ് ഏലക്കായക്ക് ശരാശരി വില ലഭിച്ചത്.
ഇതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 2000 രൂപയ്ക്കാണ് വ്യാപാരികൾ ഏലക്ക ശേഖരിച്ചത്. ഇ- ലേലത്തിൽ ഉയർന്ന വിലയായി ലഭിച്ചതാകട്ടെ 2600 രൂപയാണ്. വേനൽ മഴയെത്തുടർന്ന് ഉത്പാദനം ഉയരാനുള്ള സാധ്യത നിലനിർത്തി ലേല ഏജൻസികളും വൻകിട വ്യാപാരികളുമാണ് വിലയിടിക്കുന്നതിന് പിന്നിൽ.
ഇതോടെ കഴിഞ്ഞ വേനലിൽ വൻ തുക മുടക്കി ഏലച്ചെടികൾ സംരക്ഷിച്ച കർഷകർക്ക് മുടക്കുമുതൽ പോലും ലഭിക്കില്ലെന്ന അവസ്ഥയായി. 2023 ൽ ഉഷ്ണ തരംഗത്തിൽ ചെറുകിട കർഷകരിൽ പലരുടേയും ഏലച്ചെടികൾ ഉണങ്ങി നശിച്ചിരുന്നു. ഇതാണ് ചൂട് കടുത്തതോടെ കഴിഞ്ഞ വർഷവും കർഷകർ ഭയപ്പാടിലായത്.
ചൂട് കനത്തതോടെ നിലവിൽ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലെ തോട്ടങ്ങളിൽ ഏലം വാടിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കർഷകരിൽ പലരും തോട്ടങ്ങൾ ഭാഗികമായോ പൂർണമായോ ഗ്രീൻ നെറ്റ് ഉപയോഗിച്ച് മൂടാൻ തുടങ്ങി. ഇതിനിടെ ഗ്രീൻ നെറ്റിന് ക്ഷാമം നേരിടുകയും വില ഇരട്ടിയാകുകയും ചെയ്തു. ഗ്രീൻ നെറ്റ് വില വർധിച്ചതോടെ ചെറുകിട കർഷകർക്ക് ഉൾപ്പെടെ വൻ ബാധ്യതയാണ് ഉണ്ടായത്.
ചെറുകിട കർഷകരിൽ പലർക്കും ജലസേചന സൗകര്യങ്ങളോ പടുതാക്കുളങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ പലരും ടാങ്കറുകളിൽ വലിയ വില കൊടുത്ത് വെള്ളം വാങ്ങി ജലസേചനം നൽകേണ്ടി വന്നു. ഇങ്ങിനെ വൻ തുക മുടക്കി കൃഷി സംരക്ഷിച്ച കർഷകർക്കാണ് വിലയിടിവ് നേരിടേണ്ടി വരുന്നത്.
വേനൽ മഴയെത്തുടർന്ന് വരും വിളവെടുപ്പുകളിൽ വിളവ് ഉയരും എന്ന സൂചനയെത്തുടർന്നാണ് വൻകിട കമ്പനികൾ വിലയിടിക്കുന്നത്. ലേല ഏജൻസികൾ ലേല കേന്ദ്രങ്ങളിൽ ഗുണനിലവാരമില്ലാത്ത ഏലക്കായ ലേലത്തിനെത്തിച്ച് കുറഞ്ഞ വില കാണിച്ചും ലേലത്തിൽ പതിഞ്ഞ ഏലയ്ക്കായ തന്നെ വീണ്ടും ലേലത്തിനെത്തിച്ച് (റീപൂളിങ്ങ്) ഏലയ്ക്കായയുടെ ഉത്പാദനം ഉയർത്തി കാണിച്ചുമാണ് വിലയിടിക്കുന്നത്.
2019 ഓഗസ്റ്റിൽ ഏലയ്ക്ക വില 7000 ആയതോടെ വളം കീടനാശിനി വിലകൾ മൂന്നിരട്ടിയായി ഉയർന്നിരുന്നു. തദേശീയരായ തൊഴിലാളികളും തമിഴ് തൊഴിലാളികളും കൂലി വർധിപ്പിപ്പിച്ചതിനിടെ വില ഇനിയും ഇടിഞ്ഞാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.