ഇടുക്കി: മകനെതിരെ കള്ളകേസ് എടുത്തെന്ന അമ്മയുടെ പരാതിയിൽ എസ്ഐയെയും സിപിഒയെയും സ്ഥലം മാറ്റി. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എൻ.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഇടുക്കി എസ്.പി എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്ന് കുറ്റം ചുമത്തി യുവാക്കൾക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയിലാണ് നടപടി.
കേസിൽ അറസ്റ്റിലായ പുളിയന്മല സ്വദേശി മടുകോലിപ്പറമ്പിൽ ആസിഫ് (18)ന്റെ മാതാവ് ഷാമില സാജൻ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രിൽ 25 ന് രാത്രിയിലാണ് കള്ളകേസ് ആരോപണത്തിന് കാരണമായ സംഭവം നടന്നത്. വാഹനപരിശോധനയ്ക്കിടെ ബൈക്കുകളിൽ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ചേർന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്.
എന്നാൽ ഈ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കട്ടപ്പന എസ്ഐ കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ആസിഫിന്റെ മാതാവ് പരാതിയുമായി രംഗത്ത് വരികയായിരുന്നു. കള്ളകേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാകുന്ന ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോൺ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു.
ഇരട്ടയാറിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചപ്പോൾ പിന്തുടർന്ന് വന്നാണ് പൊലീസ് പിടികൂടിയതെന്നും, ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോൾ പിന്നാലെ ഓടി വന്ന സിപിഒ മനു നിലത്ത് വീണ് പരിക്കേൽക്കുകയായിരുന്നുവെന്നും സംഭാഷണത്തിൽ നിന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിന് ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകും വഴി ഡോക്ടറിനോട് മർദ്ദിച്ച വിവരം പറയരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഫോൺ സംഭാഷണത്തിലുണ്ട്.
ഏതാനും നാളുകൾക്ക് മുൻപ് എസ്ഐയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചെന്ന കേസിൽ മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു. ആ കേസിൽ കസ്റ്റഡിയിൽ എടുത്തത് ആസിഫിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ്. അന്ന് മുതൽ എസ്ഐ സുനേഖിന് തങ്ങളോട് വൈരാഗ്യം ഉണ്ടായിരുന്നതായും ഷാമില ആരോപിച്ചു.
Read Also: ഇനി സ്പോട്ട് ബുക്കിംഗ് ഇല്ല; ഓൺലൈൻ മാത്രം; ശബരിമലയിലെ തിരക്ക് വരുതിയിലാക്കാൻ പുതിയ നടപടി