കൊച്ചി: വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെ (30)യാണ് കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്ന് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.(Fake bomb threat youth arrested)
രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. വിമാന കമ്പനി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നര ആഴ്ച മുൻപു ലണ്ടനിൽനിന്നു തിരിച്ചെത്തിയ ഇവരുടെ കുട്ടിക്കു വിമാനത്തിൽനിന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു 3 ദിവസം മുൻപ് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.