ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയിൽ പതിവ് പട്രോളിംഗിനിടെയാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടർ കണ്ടെത്തിയത്. ട്രാക്ടറിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ട്രാക്ടർ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നതിന് ശേഷമാണ് സംഭവം. ഒമ്പത് പേർക്ക് പരിക്കേറ്റ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.