മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. വീണ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണമാണ് ഷോൺ ജോർജ് ഉന്നയിക്കുന്നത്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ പറയുന്നത്.
എസ്എൻസി ലാവ്‍ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നുണ്ട്. സിഎംആർഎൽ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലെ ആവശ്യം. കൂടുതൽ വിവരങ്ങൾ എറണാകുളത്ത് ഇന്ന് 11.30നുളള വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഷോൺ ജോർജ് രജിസ്‌ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സാലോജിക്കിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പിവി പിണറായി വിജയനാണെന്നും ഷോൺ ഉന്നയിച്ചിരുന്നു.
എക്സാലോജിക്-കരിമണൽ കമ്പനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജും എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സി.എം.ആർ.എല്ലിന്‍റെ ഹർജികൾ നാളെ ഹൈകോടതി പരിഗണിക്കും. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കോടതിയിൽ ഷോൺ ജോർജ് കഴിഞ്ഞ ദിവസം സമർപ്പിച്ചിട്ടുണ്ട്.