ട്രോളിംഗ് നിരോധനം കഴിഞ്ഞ ശേഷവും മലയാളികൾക്ക് പ്രിയങ്കരമായ അയലയും മത്തിയുമൊന്നും ലഭിക്കുന്നില്ല. മണിക്കൂറുകൾ കടലിൽ കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ നിരാശരാണ്. വലയിൽ മത്സ്യങ്ങൾ കുടുങ്ങുന്നില്ല. കേരള തീരത്തെ ചൂട് കാരണം മത്തിയും അയലയും ആഴക്കടലിലേക്കും തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായാണ് വിലയിരുത്തൽ.Even after the ban on trawling, the Malayalis are not getting any of their favorite mackerel and herring
കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യങ്ങളെയും ബാധിച്ചത്. അയലയും മത്തിയും ഇല്ലാതായതോടെകടലിൽ പോകുന്നവരുടെ വരുമാനവും കുറഞ്ഞു. പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് ഇപ്പോൾ ലഭിക്കുന്നത്.
സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ടൺകണക്കിന് കിളിമീൻ ലഭിക്കും. എന്നാൽ ഇതും പഴങ്കഥയായി. മാന്തലിന്റെയും കറൂപ്പിന്റെയും ലഭ്യതയും കുറഞ്ഞു. ചെമ്മീൻ കയറ്റുമതി കുറഞ്ഞതോടെ മത്സ്യപ്രിയർക്ക് ചെമ്മീൻ ലഭിക്കുന്നുണ്ട്. പക്ഷെ അയലയും മത്തിയും മലയാളികൾ മറക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
പതിനഞ്ചിനം മത്സ്യങ്ങളാണ് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായത്. ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ലഭിച്ചിരുന്ന മത്സ്യങ്ങളിൽ പലതും ഇപ്പോൾ കിട്ടുന്നില്ല. ഏട്ട, സ്രാവ് എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളിലാണ് കുറവ്.
സ്രാവ് ഇനത്തിൽപ്പെടുന്ന വെളുത്ത നിറമുള്ള ഊളിമീനും അപൂർവമായി. ആവാസ വ്യവസ്ഥയിലെ പ്രശ്‌നം മൂലം മത്തി, ചൂര എന്നീ മീനുകൾ കർണാടക തീരത്തേക്ക് പോയതായി വിദഗ്ധർ പറയുന്നു. ജലത്തിന്റെ താപവ്യത്യാസം ഉൾപ്പെടെ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മത്സ്യസമ്പത്ത് ഇല്ലാതെയാവാൻ കാരണമാവുന്നു. പല തരം ചെമ്മീനുകളും, നെയ്മീനുകളും വംശനാശത്തിന്റെ വക്കിലാണ്. വാളയുടെ ലഭ്യത പത്തിലൊന്നായി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു.
അശാസ്ത്രീയമായ മത്സ്യ ബന്ധനത്തിലൂടെ മുട്ടയിടാറായ മീനുകളുടെ എണ്ണവും കുറഞ്ഞു. വിദേശ കപ്പലുകൾ ചെറു മീനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നതും തിരിച്ചടിയായി. ചെറു മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചതാണെങ്കിലും പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കപ്പലുകൾ ഈ പ്രദേശത്തെ മുഴുവൻ മത്സ്യങ്ങളേയും വലയ്ക്കകത്താക്കുന്നു.