കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിൻ തട്ടി മരിച്ച മൂന്നു മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. മൂവരുടെയും ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. പള്ളിയിലേക്കെന്ന് പറഞ്ഞാണ് മൂവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. ഷൈനിയും ഭർത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച അലീനയും, ഇവാനയും.