പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: എറണാകുളം ജില്ലയിൽ ഒരേ ദിവസം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പെരുമ്പാവൂർ സ്വദേശി സുബീർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് വിജേഷിനെ സസ്‌പെൻഡ് ചെയ്തത്.
ലഹരി മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് സുബീറിനെതിരായ നടപടി.
കഴിഞ്ഞ മാസം 22-നാണ് പനയപ്പള്ളി സ്വദേശിനിയുടെ വീട്ടിലെത്തി വിജേഷ് പാസ്‌പോർട്ട് വെരിഫിക്കേഷൻ നടപടികൾ നടത്തിയത്.
യുവതി ഭർത്താവുമായി അകൽച്ചയിലാണെന്ന് മനസിലാക്കിയതോടെ, വെരിഫിക്കേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യാജേന തിങ്കളാഴ്ച ബി.ഒ.ടി പാർക്കിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി.
തുടർന്ന് നിർബന്ധിച്ച് കാറിൽ കയറ്റി കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഹാർബർ പൊലീസ് കേസെടുത്തതോടെയാണ് വിജേഷിനെ സസ്‌പെൻഡ് ചെയ്തത്.
കുമ്പളങ്ങിയിൽ ജോലി ചെയ്തിരുന്ന സമയത്തും വിജേഷിനെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. ഭാര്യയും കുട്ടിയുമുള്ള ഇയാൾ നിലവിൽ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് സി.പി.ഒ സുബീറിനെ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ചേർന്ന് നടത്തിയ റെയ്ഡിൽ, പെരുമ്പാവൂർ ഭായ് കോളനിയിലെ സുബീറിന്റെ ബന്ധുവീട്ടിൽ നിന്ന് 66 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
പലചരക്ക് കടയുടെ മറവിൽ നടന്ന ലഹരിക്കച്ചവടത്തിൽ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ലഹരി സംഘങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്ന് റൂറൽ പൊലീസ് മേധാവി സസ്‌പെൻഷൻ നിർദേശിക്കുകയായിരുന്നു.
സുബീറിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
English Summary
Two police officers in Ernakulam district were suspended on the same day. A Palluruthy-based CPO was suspended following allegations of sexually assaulting a woman during passport verification, while a Kalady-based CPO was suspended for links with a drug mafia. Police investigations revealed serious misconduct in both cases, and criminal proceedings are underway.
ernakulam-two-police-officers-suspended-passport-verification-drug-mafia
Ernakulam, Kerala police, police suspension, passport verification case, sexual assault allegation, drug mafia, narcotics case, Kerala news









