അവസാന ലാപ്പിൽ അടിയൊഴുക്കും സാമുദായികവോട്ടും നിർണായകമാകുന്ന തിരുവനന്തപുരത്ത് വിയർത്തും വെള്ളം കുടിച്ചും സ്ഥാനാർഥികൾ.തരൂരും രാജീവ് ചന്ദ്രശേഖറും കൊണ്ടും കൊടുത്തുമാണു മുന്നേറുന്നത്. ഇതുവരെ പരീക്ഷിച്ച ഫോർമുല വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു തരൂർ. വ്യക്തിപ്രഭാവം തന്നെയാണ് അതിൽ ഒന്നാമത്. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ചതിന്റെ രേഖ പുറത്തിറക്കി വികസനം ചർച്ചയാക്കുന്നു. ബിജെപിയോട് അകലം പാലിക്കുന്ന വിഭാഗങ്ങളിലെ സ്വാധീനത്തിൽ ഇടിവു തട്ടിയിട്ടില്ലെന്ന ബോധ്യം ആത്മവിശ്വാസം നൽകുന്നു. ബിജെപി അധികാരത്തിൽ വരുമെന്നും ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയാകുമെന്നുമുള്ള പ്രതീക്ഷ നൽകിയാണു രാജീവിന്റെ പ്രചാരണം. ശശി തരൂരിനെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ നിരവധിയാണെങ്കിലും മണ്ഡലത്തിൽ അവസാന ഘട്ടത്തിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യമാണ് നേരിയ ആനുകൂല്യത്തിന് വഴിയൊരുക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തലസ്ഥാനം പിടിച്ച് ബി.ജെ.പിക്ക് കേരളത്തിൽ ലോകസഭാ അക്കൗണ്ട് തുറക്കുകയെന്ന മിഷനാണ് ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്. മുൻ കേന്ദ്ര മന്ത്രിയായ ശശിതരൂരാണ് നിലവിലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ എതിരാളി. ജനകീയനായ പന്ന്യൻ രവീന്ദ്രനെ സ്ഥാനാർത്ഥിയാക്കി ഇരുവർക്കും വെല്ലുവിളി ഉയർത്താൻ ഇടതുപക്ഷവുമുണ്ട്. പൊതുവായ രാഷ്ട്രീയം പ്രചാരണത്തിൽ ചർച്ചയാക്കുന്നുണ്ട്. എങ്കിലും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന വി.ഐ.പി മണ്ഡലത്തിൽ ‘വികസനം’ ആണ് മുന്നണികൾ ചർച്ചയാക്കുന്നത്.
കോൺഗ്രസിന്റെ ഗ്ലാമർ നേതാവ് ഡോ. ശശിതരൂരാണ് മണ്ഡലത്തിൽ നാലാം ഊഴത്തിനിറങ്ങുന്നത്. തരൂരിന് നിലവിലെ എം.പി എന്ന നിലയ്ക്കുള്ള മേൽക്കൈ ഉണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം. എന്നാൽ ജയിച്ച ശേഷം തരൂരിനെ മണ്ഡലത്തിൽ കാണാനില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറാവട്ടെ അറിയപ്പെടുന്ന ഐ.ടി വിദഗ്ദ്ധനും വ്യാവസായിക പശ്ചാത്തലമുള്ളയാളുമാണ്. എന്തും പ്രാവർത്തികമാക്കാൻ വൈഭവമുള്ളയാൾ എന്ന പരിവേഷവുമുണ്ട്. ഇക്കാരണങ്ങളാൽ വ്യക്തിപ്രഭാവത്തിൽ ആർക്ക് കൂടുതൽ വോട്ട് കിട്ടുമെന്നാണ് തലസ്ഥാനം ഉറ്റുനോക്കുന്നത്. ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ നിലപാടും സമുദായ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറും. സിറ്റിങ് എം.പി എന്ന നിലയിൽ തരൂരിനെതിരെ നാലു ഭാഗത്തുനിന്നും ചോദ്യങ്ങളുയരുമ്പോഴും ‘തൻറേതല്ലാത്ത കാരണങ്ങൾ’ കൂടി മണ്ഡലക്കാറ്റ് വലതുചേരുന്നതിന് ഇടമൊരുക്കുന്നുണ്ട്. അടവിലും അളവിലും തുല്യം. ഹാട്രിക് വിജയം നേടിയ ശശി തരൂർ ആത്മവിശ്വാസത്തിലാണ്. ഒരുലക്ഷം തികയ്ക്കാൻ വെറും 11 വോട്ടിന്റെ മാത്രം കുറവുള്ള ഭൂരിപക്ഷമാണു (99,989) കഴിഞ്ഞതവണ നേടിയത്. കഴിഞ്ഞതവണ യുഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം 99,989 വോട്ടിന്റേതാണെങ്കിൽ, എൻഡിഎയും മൂന്നാമതെത്തിയ എൽഡിഎഫും തമ്മിൽ 57, 586 വോട്ടിന്റെ വ്യത്യാസമുണ്ട്. രണ്ടാമതെത്താനും ഒന്നാമതെത്താനുമെല്ലാം വലിയ വോട്ട് മലകൾ കടക്കണം.
തരൂർ ആദ്യം മത്സരിച്ച 2009ൽ എൽഡിഎഫായിരുന്നു രണ്ടാമത്. 2014ൽ എൽഡിഎഫ് അവതരിപ്പിച്ച സ്ഥാനാർഥിയുടെ മികവ് മുന്നണി തന്നെ സംശയിച്ചതോടെ അവർ ആദ്യഘട്ടത്തിൽ തന്നെ പിന്നാക്കം പോയി. എൻഡിഎ അവരുടെ ഏറ്റവും മികച്ച മത്സരം കാഴ്ചവച്ച 2014ൽ ഒ.രാജഗോപാലിനു തരൂരിനെ വിറപ്പിക്കാനായി. എന്നാൽ, കഴിഞ്ഞതവണ കുമ്മനത്തെ ബഹുദൂരം പിന്നിലാക്കി തരൂർ ജയം അരക്കിട്ടുറപ്പിച്ചു. പാർട്ടിയുടെ താഴേത്തട്ടുവരെ ബന്ധമുള്ള രാജഗോപാലിനും കുമ്മനത്തിനും കഴിയാത്തതു രാജീവ് ചന്ദ്രശേഖറിനു കഴിയണം. സിപിഐയിൽ ഏറ്റവും മികച്ച സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രനെ ഇറക്കിയതു വിജയ പ്രതീക്ഷയോടെ തന്നെയാണെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞവട്ടം ബി.ജെ.പി അണികൾക്ക് ഏറെ വൈകാരിക ബന്ധമുള്ള കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. എന്നാൽ, തരൂരിനെ പോലൊരാളെ എതിരിടാൻ മാത്രമുള്ള ശേഷിയുണ്ടായിരുന്നില്ല. ഇക്കുറി തരൂരിനെ നേരിടാൻ പ്രാപ്തനായ സ്ഥാനാർഥിയെ കണ്ടെത്തിയെങ്കിലും അണികൾക്ക് കുമ്മനത്തോളം വൈകാരിക ബന്ധമുണ്ടോ എന്നത് സംശയം. ഇതിനെല്ലാം പുറമേ, 15 ശതമാനത്തോളം ഫ്ലോട്ടിങ് വോട്ട് മണ്ഡലത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും സെക്കുലർ വോട്ടുകളാണ്. മുൻകാലങ്ങളിലെല്ലാം വിജയസാധ്യതയുള്ള ചേരിക്കാണ് ഈ വോട്ടുലഭിച്ചിരുന്നത്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിൽ ആളും സാന്നിധ്യവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പങ്കാളിത്തവും ജനകീയതയുംകൊണ്ട് മുന്നിലുണ്ടായിരുന്നത് പന്ന്യൻ രവീന്ദ്രനായിരുന്നു. അതേസമയം, മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെ മത്സരം യു.ഡി.എഫും ബി.ജെ.പിയും എന്നനിലയിലേക്ക് ചിത്രം മാറി. നായർ, നാടാർ, ലത്തീൻ, മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിൻറെ നിർണായക സമുദായസാന്നിധ്യങ്ങൾ. 2019ലേതുപോലെ അടിയുറച്ച രാഷ്ട്രീയവോട്ടുകൾക്ക് പുറമേയുള്ള നായർ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമിടയിൽ വീതം വെക്കാനാണ് സാധ്യത. നാടാർ വോട്ടുകൾ നല്ലൊരു വിഹിതം തരൂർ പ്രതീക്ഷിക്കുന്നുണ്ട്. ഇതേ വോട്ടുകളിൽ ബി.ജെ.പിയും കണ്ണുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്തുവന്നിരുന്നു. വിഴിഞ്ഞം സമരം തീർത്ത മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയുള്ള രാഷ്ട്രീയ തീരുമാനം തങ്ങളെ തുണക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കേന്ദ്രത്തിലെ ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇക്കാര്യത്തിലൂന്നിയാകും കഴിഞ്ഞവട്ടത്തെപ്പോലെ മുസ്ലിം വോട്ടിൻറെയും കേന്ദ്രീകരണം. അതേസമയം, സഭ എതിർ നിലപാട് സ്വീകരിക്കുമ്പോഴും തീരദേശത്തെയടക്കം വോട്ടുസ്വന്തമാക്കുന്നതിന് ബി.ജെ.പി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇതിൽ കാര്യമായ ഗുണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കാലാകാലങ്ങളിൽ തരൂരിനെ പിന്തുണക്കുന്നതാണ് തീരദേശ വോട്ടുബാങ്ക്.
കഴക്കൂട്ടം, തിരുവനന്തപുരം, നേമം,കോവളം തീരദേശ അസംബ്ളി മണ്ഡലങ്ങളും വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളുമാണ് ഉൾപ്പെടുക. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ നേമം ഒഴികെയുള്ള ആറ് അസംബ്ളി മണ്ഡലങ്ങളിലും യു.ഡി.എഫാണ് മേൽക്കൈ നേടിയത്. നേമത്ത് ബി.ജെ.പി ആയിരുന്നു മുന്നിൽ.
എന്നാൽ ഈ കണക്കുകൾ പിന്നീട് മാറി. 2020-ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക് സഭാ മണ്ഡലപരിധിയിൽ യു.ഡി.എഫിനേക്കാൾ 1,65,000 വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,11,000 ത്തലധികം വോട്ടുകളും കൂടുതൽ കിട്ടി. കോവളത്ത് മാത്രമാണ് യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞതും. ഈ കണക്കുകളാണ് എൽ.ഡി.എഫിന്റെ പിടിവള്ളി. 15 വർഷം എം.പി ആയിരുന്നിട്ട് മണ്ഡലത്തിന് വേണ്ടി തരൂർ എന്തു ചെയ്തു എന്നതാണ് ഇടതു മുന്നണിയുടെയും എൻ.ഡി.എയുടെയും ചോദ്യം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്തത് സംസ്ഥാന സർക്കാരാണെന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം.