web analytics

യന്ത്രക്കല്ലുകൾക്കെതിരെ പാർട്ടിസമരം നടക്കുമ്പോൾ അതേ കല്ലുകൊണ്ട് വീടുവെച്ചവൻ ഇ പി;ദേശാഭിമാനിയിൽ സാൻ്റിയാഗോ മാർട്ടിൻ്റേയും ചാക്കു രാധാകൃഷ്ണൻ്റേയും പരസ്യം പിടിച്ചവൻ ഇ പി; വി.എസിനെതിരെ പട നയിച്ചവൻ ഇ പി; അങ്ങനെ പലതും പലരും പാടി നടക്കുന്നുണ്ടാകും എന്നാലും ഇ.പിയെ തോൽപ്പിക്കാനാവില്ല മക്കളെ…ശേഷം എന്തുണ്ട് കൈയ്യിൽ വിറ്റഴിച്ചെന്ന് പറയുന്ന വൈദേകം റിസോര്‍ട്ടോ? അതോ ബിജെപിയുടെ തണലോ?

തിരുവനന്തപുരം : സിപിഎമ്മിനെ ആകെ ഉലക്കുന്നതായിരുന്നു പ്രകാശ് ജാവഡേക്കറുമായുള്ള ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ കൂടികാഴ്ചയുടെ വെളിപ്പെടുത്തൽ. പരസ്യമായി കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിക്കുമ്പോള്‍ ജയരാജനുള്ള പാര്‍ട്ടി സന്ദേശം എന്താണെന്ന് ഏറെക്കുറെ വ്യക്തമാണ്.കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി സിപിഎമ്മിനെ ഇതിനു മുമ്പും വെട്ടിലാക്കിയിരുന്നു. ബിജെപി പ്രവേശനത്തിനായുളള ചർച്ചകൾ അവസാനത്തേത് മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടും, കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തം പുറത്തുവന്നത്. സിപിഎം – ബിജെപി രഹസ്യധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ശക്തിപകരുന്നതായി ഈ ഈ ബിസിനസ് ഡീല്‍. ഈ ആരോപണത്തില്‍ സിപിഎം നേതൃത്വമോ മുന്നണിയിലെ മറ്റ് നേതാക്കളോ ഇപിയെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നതുമില്ല.
ജയരാജന് എപ്പോഴും പാര്‍ട്ടിയിലും പുറത്തും ജയം മാത്രമായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയാല്‍, പൊതുവില്‍ ചില സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയോ, ‘പഴഞ്ചന്‍ മൂല്യബോധമോ’ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല.ജയരാജന് ഒപ്പം നില്‍ക്കാന്‍ സാധ്യതയുളളവരെ കൂടി ലക്ഷ്യമിട്ടാണ് പിണറായി ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരില്‍ വിദ്യാര്‍ത്ഥികാലം മുതല്‍ ഒപ്പംനിന്ന് പ്രവര്‍ത്തിച്ച് ജയരാജനെയാണ് പിണറായി പരസ്യമായി തള്ളിപ്പറയുന്നത്. എല്ലാകാലത്തും ഇപിയെ ഒപ്പം നിർത്തിയും കൈപിടിച്ച് ഉയര്‍ത്തിയും വിവാദങ്ങളില്‍ നിന്നും രക്ഷിച്ചുക്കൊണ്ടിരുന്ന പിണറായി പൂര്‍ണ്ണമായും തള്ളിപ്പറയുന്നതിന് സമമാണ് ഇത്. ഇതോടെ ജയരാജന് മുന്നില്‍ ഒന്നുകില്‍ താമര കൂടാരം അല്ലെങ്കില്‍ രാഷ്ട്രീയ വനവാസം എന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോവുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി. എന്നാല്‍ ബന്ധുനിയമനമെന്ന ആരോപണം നേരിട്ടതോടെ രാജിവെച്ചു. പിന്നീട് വിജിലന്‍സ് കുറ്റമുക്തനാക്കിയതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തി. എന്നാല്‍ തുടര്‍ച്ചയായ രണ്ടു തവണയില്‍ കൂടുതല്‍ മത്സരം വേണ്ടെന്ന് പാര്‍ട്ടി തീരുമാനം ജയരാജനും വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ നീരസ്യം രഹസ്യമാക്കിയില്ല. ഇ പി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ അന്നും സജീവമായി.
ഇ പി ചരിതം

1985 ല്‍ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തില്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍ രേഖ അവതരിപ്പിക്കപ്പെട്ടത്  സുപ്രധാന സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് എം വി രാഘവന്‍ സിപിഎമ്മില്‍നിന്ന് പുറത്തായി. കണ്ണൂരില്‍ എം വി രാഘവന്‍ സിപിഎമ്മിനാല്‍ കായികമായും രാഷ്ട്രീയമായും ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസിനെ നേരിടാന്‍ മുസ്ലിംലീഗിനെ കൂട്ടണമെന്നു പറഞ്ഞ് രേഖ അവതരിപ്പിച്ച എം വി രാഘവന്‍ പിന്നീട് കോണ്‍ഗ്രസിന്റെ സംരക്ഷണയിലായി. അദ്ദേഹം രൂപീകരിച്ച സിഎംപി യുഡിഎഫിന്റെ ഘടകകക്ഷിയായി. യുഡിഎഫിലെത്തിയപ്പോള്‍ എം വി രാഘവന്‍ ആദ്യം മത്സരിച്ചത് അഴീക്കോട് മണ്ഡലത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ നേരിടാന്‍ സിപിഎം നിയോഗിച്ചത് ഇ പി ജയരാജനെയും. 1987 ല്‍ ഡിവൈഎഫ് ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ജയരാജൻ നിര്‍ണായക തിരഞ്ഞെടുപ്പില്‍ തോൽവി ഏറ്റുവാങ്ങി. രാഘവന്‍ ജയിച്ചു.

1995 ലാണ് ഇ പി ജയരാജന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വരുന്നതിനിടയില്‍ വെടിയേറ്റത്. ആക്രമണത്തിനുപിന്നില്‍ രാഘവനും സുധാകരനും ഏര്‍പ്പെടുത്തിയ ഗുണ്ടാ സംഘമാണെന്നാണ് ആരോപണം. അന്ന് രാഘവന്‍ മന്ത്രിയായിരുന്നു. തന്നെ ഇതിനുശേഷം സംരക്ഷിച്ചതാണെന്ന് സുധാകരന്‍ പിന്നീട് പറയുകയും ചെയ്തു. ആ ആക്രമണത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ജയരാജനിൽ ബാക്കിയുണ്ട്.

യന്ത്രക്കല്ലുകള്‍ക്കെതിരെ സിപിഎം  സമരം നടത്തുമ്പോള്‍  യന്ത്രക്കല്ല് കൊണ്ട് വീട് നിര്‍മിച്ച ഇ പി

യന്ത്രക്കല്ലുകള്‍ക്കെതിരെ സിപിഎം യൂണിയന്‍ സമരം നടത്തുമ്പോള്‍ അതേ യന്ത്രക്കല്ല് കൊണ്ട് വീട് നിര്‍മിച്ചയാളാണ് ഇ പി ജയരാജന്‍. ഇതുസംബന്ധിച്ച വാര്‍ത്ത മലയാള മനോരമയില്‍ വന്നപ്പോള്‍ ജയരാജനെ സംരക്ഷിക്കാനിറങ്ങിയത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. അന്ന് വി എസായിരുന്നു പാര്‍ട്ടി. ഇ പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സംഘര്‍ഷഭരിതമായിരുന്നു കണ്ണൂര്‍. ആര്‍എസ്എസുമായുള്ള സംഘര്‍ഷം നിരവധി ജീവനുകളെടുത്ത സമയം. ജയരാജന്‍ ചാഞ്ചല്യമില്ലാതെ പാര്‍ട്ടിപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നേതൃത്വം നല്‍കി പാർട്ടിക്ക് വേണ്ടപ്പെട്ടവനായി.

സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം; തടി തപ്പി; തടിയൂരി

ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് നിരവധി ആരോപണങ്ങളാണ് ഇപിക്ക് നേരെയുണ്ടായത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് താന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. പാര്‍ട്ടി വേദികളിലും പുറത്തും വിവാദമായപ്പോള്‍ അത് ബോണ്ടല്ലെന്നും നിശ്ചിത കാലാവധിക്കുള്ളില്‍ പലിശ സഹിതം തിരിച്ച് നല്‍കുന്ന നിക്ഷേപമാണെന്നും വിശദീകരിച്ചു. സിപിഎം നേതൃയോഗങ്ങളില്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ രണ്ട് കോടി രൂപ തിരിച്ച് നല്‍കി തടിയൂരാന്‍ തീരുമാനിക്കുകയും ചെയ്തു. അതേ വര്‍ഷം ജൂലൈ 25ന് മാതൃഭൂമി പത്രം ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്‌ബോള്‍ സംഘാടക സമിതി, വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയത് പുറത്തുവിട്ടതും ജയരാജന് കുരുക്കായി. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ കളങ്കിത വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ (വി.എം.രാധാകൃഷ്ണന്‍) ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പരസ്യം സ്വീകരിച്ചതും വലിയ വിവാദമായിരുന്നു. തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് ഭൂമിയും ചാക്ക് രാധാകൃഷ്ണന്‍ എംഡിയായിരുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍ ആന്റ് ഡവലപ്പേഴ്‌സിന് മൂന്ന് കോടി മുപ്പത് ലക്ഷം രൂപയ്ക്ക് വിറ്റതിനെ ചൊല്ലിയുണ്ടായ വിവാദവും പാർട്ടിക്ക് ജയരാജൻ വഴിയുണ്ടായ തലവേദന ആയിരുന്നു. 50 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചത് പോലെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാകില്ല എന്ന ജയരാജന്റെ പ്രസംഗവും പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശത്തിന് ഇടയാക്കിയതാണ്.

പിണറായിയുടെ പോരാളി

പാര്‍ട്ടിയില്‍ പിണറായി- വി എസ് ഭിന്നത രൂപപ്പെട്ടപ്പോള്‍ കണ്ണൂരിലെ ഒട്ടുമിക്ക നേതാക്കളെയും പോലെ ഇ പി ജയരാജന്‍ പിണറായി വിജയന്റെ ശക്തനായ പോരാളിയായി മാറി. നിരന്തരം വിഎസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി വിഭാഗീയത കണ്ടെത്തുകയും അത് തിരുത്താന്‍ ഇപി ജയരാജനെ സെക്രട്ടറിയാക്കുകയും ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചും അവിടുത്തെ പാര്‍ട്ടിയെ സംബന്ധിച്ചും നിര്‍ണായകമായെന്ന് കരുതുന്നവര്‍ ഏറെയാണ്. കട്ടന്‍ചായയും പരിപ്പുവടയുമല്ല ഇക്കാലത്തെ കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെ അളവുകോല്‍ ആകേണ്ടതെന്നതിൽ ജയരാജന് വ്യക്തതയുണ്ടായിരുന്നു. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക മോഹങ്ങള്‍ വളര്‍ത്താന്‍ ഒന്നും അദ്ദേഹം മിനക്കെട്ടില്ല. അധികാര രാഷ്ട്രീയത്തിന്റെ രീതികളെ ഉപയോഗിച്ചുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

ഉള്‍പ്പാര്‍ട്ടി അധികാരപ്പോരാട്ടത്തില്‍ വിഎസിനെ വെട്ടി പിണറായി വിജയന്‍ സമ്പൂര്‍ണ അധികാരം സ്ഥാപിച്ചതോടെ ഇപിയുടെ പ്രാമുഖ്യം കൂടി.  അങ്ങനെയിരിക്കുമ്പോഴാണ് ദേശാഭിമാനി പത്രം വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ട് കോടി വാങ്ങിയ വാര്‍ത്ത മാതൃഭൂമി പത്രം പുറത്തുവിടുന്നത്. അത് ബോണ്ടാണെന്ന ഇ പി ജയരാജന്റെ ആദ്യ പ്രതിരോധം പാളി. കുറച്ചുകാലത്തേക്കെങ്കിലും ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. വാങ്ങിയ പണം തിരിച്ചുകൊടുത്തെന്നായി പാര്‍ട്ടി. അതെന്തോ ആവട്ടെ, വിവാദങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. പണമിടപാട് സ്ഥാപനമായ ലിസ്സുമായി ബന്ധപ്പെട്ട കോഴക്കേസിലും അദ്ദേഹം അകപ്പെട്ടു.

വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക മോഹങ്ങള്‍ വളര്‍ത്താന്‍ ഒന്നും അദ്ദേഹം മിനക്കെട്ടില്ല. അധികാര രാഷ്ട്രീയത്തിന്റെ രീതികളെ ഉപയോഗിച്ചുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
വൈദേകം റിസോര്‍ട്ടില്‍ തനിക്കല്ല, ഭാര്യയ്ക്കും മകനുമാണ് നിക്ഷേപമെന്ന് പറഞ്ഞ ഇ പി ആദായനികുതി വകുപ്പ് അവിടേക്ക് എത്തിയപ്പോഴാണ് അത് വിറ്റൊഴിയാന്‍ തീരുമാനിച്ചത്. ഭാര്യ സഹകരണ ബാങ്കില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണമാണ് നിക്ഷേപത്തിന് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധുവും കേന്ദ്രകമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് വിവാദമായി. പ്രതിപക്ഷം ബന്ധുനിയമന വിവാദം ഉയര്‍ത്തിയതിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഈ നിയമനത്തില്‍ അഴിമതിയില്ലെന്ന് പിന്നീട് വിജിലന്‍സ് കണ്ടെത്തിയിതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വന്നു.

സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശക്തമായ പിന്തുണയിലാണ് പാര്‍ട്ടി നടപടികളില്‍ നിന്ന് ജയരാജന്‍ എല്ലാ കാലത്തും രക്ഷപ്പെട്ടിരുന്നത്. വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് അതീവഗുരതരായ സാമ്പത്തിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുപോലും ഒരു സംഘടനാ നടപടിയുമുണ്ടാകാതെ തന്റെ വിശ്വസ്തനെ പിണറായി രക്ഷിച്ചെടുത്തു. ഈ പരിരക്ഷയാണ് ഇപ്പോള്‍ ഇപിക്ക് നഷ്ടമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഇപി വിചാരണയ്ക്ക് വിധേയമാകുമെന്ന് ഉറപ്പാണ്. അതിന്റെ വിധയെന്താകുമെന്ന് മാത്രമേ ഇനി അറിയാനുളളൂ.കോടിയേരി ബാലകൃഷ്ണന്റെ കാലശേഷം എം വി ഗോവിന്ദന്‍ സെക്രട്ടറിയായതു മുതല്‍ ഏറെക്കാലം അദ്ദേഹം സജീവമായ പ്രവർത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇക്കാലത്താണ് ബിജെപിയുമായി ചര്‍ച്ച നടത്തിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. അതിലെ വസ്തുത എന്തായാലും താന്‍ ജാവഡേക്കറെ കണ്ടുവെന്ന് തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി വെളിപ്പെടുത്തിയിരിക്കുന്നു. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. മറ്റൊരു പാര്‍ട്ടിയിലെ നേതാവുമായി മകന്റെ ഫ്‌ളാറ്റില്‍വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ഇപി പറഞ്ഞതോടെ, സിപിഎമ്മിനെ നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കുകയാണോ അദ്ദേഹം? സിപിഎമ്മില്‍ ഇപിയ്ക്ക് ഇനിയെന്താവും റോള്‍?

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

Related Articles

Popular Categories

spot_imgspot_img