കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.