നോവായി എട്ടാം ക്ലാസുകാരൻ മിഥുന്റെ മരണം
കൊല്ലം: നോവായി എട്ടാം ക്ലാസുകാരൻ മിഥുന്റെ മരണം. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണപ്പോൾ മിഥുൻ അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ തെറ്റിയപ്പോൾ മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കയറി പിടിക്കുകയായിരുന്നു. ഇതോടെയാണ് ഷോക്കേറ്റത്.
സ്കൂൾ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിന് തൊട്ട് മുകളിലാവുകയായിരുന്നു. ക്ലാസിന് ഉള്ളിലൂടെ ഷെഡിനു മുകളിലേക്ക് ഇറങ്ങാൻ കഴിയും.
ബഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നും ഇത്തരത്തിൽ തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽനിന്ന് തെറ്റി വീഴാൻ തുടങ്ങിയപ്പോൾ വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വെദ്യുതി ലൈനിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂൾ അധികൃതർ മിഥുനെ കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഉടൻതന്നെ അകലെയുള്ള ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു.
അധ്യാപകർ പെട്ടെന്ന് തന്നെ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി കമ്പി ഏറെ നാളുകളായി കടന്ന് പോയിരുന്നതായും സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബി അധികൃതരുടെയും അനാസ്ഥയാണെന്നാണ് അപകടത്തിന് കാരണമെന്നുമാണ് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ആക്ഷേപം.
സ്‌കൂളിൽ പുതുതായി സൈക്കിൾ ഷെഡ് നിർമ്മിച്ചതിന് പിന്നാലെ തന്നെ ലൈൻ മാറ്റണമെന്ന് കെഎസ്ഇബിയിൽ അപേക്ഷ കൊടുത്തിരുന്നെന്നാന് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. സംഭവത്തിൽ നിലവിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥിയുടെ മരണം അതീവ ദുഃഖകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഷെഡാണ് അപകടം ഉണ്ടാക്കിയത്
”റോഡിനോടു ചേർന്ന, സ്‌കൂളിന്റെ പിൻഭാഗത്താണ് അപകടം ഉണ്ടായത്. വർഷങ്ങൾക്കു മുൻപേ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ ഉണ്ട്. മൈതാനത്തോടു ചേർന്നാണ് ഷെഡ്. ഇതു നിർമിച്ചത് അടുത്തകാലത്താണ്. ഷെഡാണ് അപകടം ഉണ്ടാക്കിയത്” പൂർവവിദ്യാർഥി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കെഎസ്ഇബി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ പറഞ്ഞു. ”കെട്ടിടത്തിന്റെ പിൻഭാഗത്തായതിനാൽ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തറയിൽനിന്നു വൈദ്യുതി ലൈനിലേക്ക് 20 അടിയെങ്കിലും ഉയരമുണ്ട്. ഷെഡ് പണിതപ്പോൾ ലൈനും തകരഷീറ്റും അടുത്തായി. ഷെഡ് പണിതതാണ് അപകടത്തിലേക്കു നയിച്ചത്. കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞതെന്ന് വർഗീസ് തരകൻ പറഞ്ഞു.
English Summary:
Eighth-grade student Mithun died in a tragic incident at Thevalakkara Boys School. The accident occurred while students were playing on the ground. Mithun attempted to retrieve a shoe that had fallen onto the roof of the bicycle shed, during which the fatal mishap took place.