കൂടുതൽ വിദ്യാസമ്പന്നരായ ആളുകൾ മറ്റുള്ളവരേക്കാൾ സാവധാനത്തിൽ പ്രായമാകുകയും കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നതായി പുതിയ പഠനം. ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.പഠനത്തിൽ, ഉന്നത വിദ്യാഭ്യാസം മരണ സാധ്യതയും വാർദ്ധക്യത്തിൻ്റെ വേഗത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഉന്നതവിദ്യാഭ്യാസമുള്ള ഒരു വ്യക്തിക്ക് ശരാശരി വിദ്യാഭ്യാസമുള്ള വ്യക്തിയേക്കാൾ 10 ശതമാനം മരണസാധ്യത കുറവാണ് എന്നാതാണ് പഠനത്തിൽ കണ്ടെത്തിയത്. വാർദ്ധക്യത്തിൻ്റെ വേഗതയും വിദ്യാഭ്യാസവും തമ്മിൽ എന്തെങ്കിലും ബന്ധം സ്ഥാപിക്കുന്ന ആദ്യ പഠനമാണിതെന്ന് പഠനം പ്രസിദ്ധീകരിച്ച ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി മെയിൽമാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജി അസോസിയേറ്റ് പ്രൊഫസറായ മുതിർന്ന ഗവേഷകനായ ഡാനിയൽ ബെൽസ്‌കി പറഞ്ഞു.
പ്രായമാകുന്നതിൻ്റെ നിരക്ക് അളക്കാൻ, ഗവേഷകർ പങ്കാളികളിൽ നിന്നുള്ള ജനിതക ഡാറ്റ പരിശോധിച്ചു, പ്രായമാകുന്നതിന് സ്പീഡോമീറ്ററിന് സമാനമായ ഒരു ജനിതക “ക്ലോക്ക്” ടെസ്റ്റ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിൽ കാലക്രമേണ സംഭവിക്കുന്ന മാറ്റങ്ങളുടെ വേഗതയെ സൂചിപ്പിക്കുന്നു. ജനിതക ഡാറ്റയും ഒരു വ്യക്തിയുടെ വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം പരിശോധിച്ച ഗവേഷകർ, കൂടുതൽ വിദ്യാഭ്യാസമുള്ളവർ, ഇതേ ജനിതക ഘടനയുള്ള അവരുദ്ധേ ബന്ധുക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നതായി കണ്ടെത്തി. “വിദ്യാഭ്യാസ നേട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ജൈവിക വാർദ്ധക്യത്തിൻ്റെ വേഗത കുറയ്ക്കുകയും ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന അനുമാനത്തെ ഞങ്ങളുടെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നു,” കൊളംബിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിയിൽ ഡോക്ടറൽ വിദ്യാർത്ഥിയായ പ്രമുഖ ഗവേഷക ഗ്ലോറിയ ഗ്രാഫ് പറയുന്നു.
Read Also: FACT CHECK: ‘ബൈബിൾ തിരുത്തിയെഴുതാൻ മാർപ്പാപ്പ ലോക സാമ്പത്തികഫോറത്തിന് അനുമതി നൽകി’ ?