കൊല്‍ക്കത്ത: കല്‍ക്കരി അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിയെ ഇഡി വിമാനത്തവളത്തില്‍ തടഞ്ഞതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. യുഎഇയിലേക്കു പോകുന്ന കാര്യം രുജിര ബാനര്‍ജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്നും ഈ നീക്കം ദൗര്‍ഭാഗ്യകരമാണെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്നലെയാണ് രുജിരയെ ഇഡി തടഞ്ഞത്.
‘സിബിഐയുടെയും ഇഡിയുടെയും നീക്കങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്. അവര്‍ ജനങ്ങളെ ഉപദ്രവിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുടെ ഭാര്യാമാതാവ് അസുഖബാധിതയാണ്. അമ്മയെ കാണുന്നതിനാണ് രുജിര ദുബായിലേക്ക് പോകുന്നത്. രാജ്യം വിടുമ്പോള്‍ ഇഡിയെ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രുജിര ഇക്കാര്യം നേരത്തെ തന്നെ ഇഡിയെ അറിയിച്ചതുമാണ്. എന്നാല്‍ വിമാനത്താവളത്തില്‍ അവരെ തടഞ്ഞത് ഉപദ്രവിക്കാനല്ലാതെ മറ്റൊന്നിനുമല്ല.’- മമതാ ബാനര്‍ജി പറഞ്ഞു.
ദുബായിലേക്കു പോകുന്ന കാര്യം ഭാര്യ രുജിര ബാനര്‍ജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്ന് അഭിഷേക് ബാനര്‍ജിയും വ്യക്തമാക്കി. ഈ യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ ഇഡിയെ വിവരം അറിയിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
‘എന്നെയോ എന്റെ ഭാര്യയെയോ മക്കളെയോ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലും ഞാന്‍ തലകുനിക്കില്ല. പ്രധാനമന്ത്രിയോടുള്ള എല്ലാ ബഹുമാനവും മുന്‍നിര്‍ത്തി പറയട്ടെ. അദ്ദേഹത്തിന് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്. രാഷ്ട്രീയ പരിചയം എന്റെ പ്രായത്തോളം വരികയും ചെയ്യും. എന്നിട്ടും നിങ്ങള്‍ക്ക് ജനകീയ കോടതിയില്‍ എന്നോടു പൊരുതാന്‍ കഴിയുന്നില്ല.’- അഭിഷേക് പറഞ്ഞു.
അതേസമയം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഒരു സ്വതന്ത്ര ഏജന്‍സിയാണെന്നായിരുന്നു വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം. സിബിഐയുടെയോ ഇഡിയുടെയോ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഇടപെടാറില്ല. അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.