അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ്
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി.
കേസിൽ ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇ.ഡി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ ഹാജരാകാനാണ് അനിൽ അംബാനിയ്ക്ക് നൽകിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.
അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്
മുംബൈ: അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. രണ്ട് സംസ്ഥാനങ്ങളിലുമായി 35 സ്ഥാപനങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 50 കമ്പനികള്‍, 25 വ്യക്തികളുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് റെയ്ഡ് ഉണ്ടായത്.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പിഎംഎല്‍എ വകുപ്പ് പ്രകാരമുള്ള പരിശോധനയുമായി ഇഡി എത്തിയത്.
2017 മുതല്‍ 2019 വരെ യെസ് ബാങ്കില്‍ നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പകള്‍ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് നിലവിലെ പ്രധാന അന്വേഷണം നടക്കുന്നത്. കൂടാതെ മുന്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെട്ട കൈക്കൂലി ആരോപണവും പരിശോധിച്ചു വരികയാണ്.
വായ്പാ നിബന്ധനകള്‍ ലംഘിച്ച്, ഷെല്‍ കമ്പനികളിലൂടെയും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയുമാണോ ഫണ്ടുകള്‍ വകമാറ്റിയതെന്ന കാര്യവും പരിശോധിച്ചിരുന്നു.
കൂടാതെ വായ്പകള്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ പ്രൊമോട്ടര്‍മാര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2017 ഏപ്രില്‍ മാസം മുതല്‍ 2019 മാര്‍ച്ച് വരെ റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് ലോണ്‍ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
2017-18 സാമ്പത്തിക വര്‍ഷത്തിലെ 3,742.60 കോടി രൂപയില്‍നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8,670.80 കോടി രൂപയായി കോര്‍പ്പറേറ്റ് ലോണ്‍ വിതരണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവാണ് അന്വേഷിച്ചു വരുന്നത്.
റിലയന്‍സ് ഹോം ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ ‘സെബി’യും തങ്ങളുടെ കണ്ടെത്തലുകള്‍ ഇഡിയുമായി പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അനില്‍ അംബാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ ഓഫീസുകളിലും റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഫണ്ടുകള്‍ വകമാറ്റാന്‍ ആസൂത്രണം ചെയ്ത തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടെത്തിയതായും ഇഡി അറിയിച്ചു.
തട്ടിപ്പിലൂടെ ബാങ്കുകള്‍, ഓഹരിയുടമകള്‍, നിക്ഷേപകര്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ.
Summary: The Enforcement Directorate (ED) has issued a lookout notice against businessman Anil Ambani in connection with a ₹3000 crore loan fraud case. The action follows a summons sent to Ambani for questioning as part of the ongoing investigation into financial irregularities.