തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.
സിപിഐഎം പാര്‍ട്ടിയെയും മൂന്ന് മുൻ തൃശൂർ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
എസി മൊയ്തീൻ എംഎൽഎ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എംപി എന്നീ മുൻ ജില്ലാ സെക്രട്ടറിമാരാണ് കേസിൽ പ്രതികളായത്.
അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അന്തിമ കുറ്റപത്രത്തിൽ ഇവരെ കൂടാതെ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി.
തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ സ്വത്തുക്കളിൽ നിന്നു മാത്രം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്.
അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഎം പാർട്ടിയിലേത് ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകരാണ്.
വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ മധു അമ്പലപുരമാണ് കേസിൽ ഒന്നാം പ്രതി.
സിപിഐഎം പൊറത്തുശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എആര്‍ പീതാംബരന്‍, പൊറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ മറ്റ് പ്രതികള്‍









