ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല മാനേജ്‌മെന്റ് അതോറിറ്റി. ഊട്ടി, കൊടൈക്കനാൽ മാതൃകയിലാണ് ധനുഷ്കോടിയിലും നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാലാണ് നടപടി.
വിനോദസഞ്ചാര വികസന കോർപ്പറേഷന് ആണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. നിലവിൽ ധനുഷ്കോടിയിൽ കര അവസാനിക്കുന്ന ഭാഗമായ അരിച്ചൽ മുനയുടെ തൊട്ടുമുൻപ് വരെ വാഹനങ്ങൾ അനുവദിക്കുന്നുണ്ട്. എന്നാൽ, ഇതിന് പകരം ദേശീയപാതയിൽ വാഹനങ്ങൾ നിർത്താൻ പ്രത്യേക ട്രാൻസിറ്റ് പ്ലാസ ആരംഭിക്കാനാണ് പദ്ധതി.
അരിച്ചൽ മുനയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലയെയായിരിക്കും പ്ലാസ ആരംഭിക്കുക. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പ്ലാസയിൽ നിർത്തേണ്ടി വരും. തുടർന്ന് ഇവിടെനിന്ന് അരിച്ചൽ മുനയിലേക്ക് പോകുന്നതിന് പ്രത്യേക ബസുകൾ ഏർപ്പെടുത്താനുമാണ് പദ്ധതി.