വയനാട്: ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട്ടുമുറ്റത്ത് ഫ്‌ളക്‌സ് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകനാണെന്ന തരത്തിലാണ് പ്രവർത്തകർ ഫ്‌ളക്‌സ് സ്ഥാപിച്ചത്. എന്നാൽ മകന്റെ മരണം പോലും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുതലെടുക്കുകയാണ് എന്ന് സിദ്ധാർത്ഥിന്റെ പിതാവ് ടി ജയപ്രകാശ് ആരോപിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്റെ മകനെ എസ്എഫ്‌ഐ പ്രവർത്തകനാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അറിവിൽ മകന് രാഷ്‌ട്രീയമില്ലെന്നും പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. നിരവധി തവണ ഫ്‌ളക്‌സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ അനുസിരിച്ചില്ലെന്നും പിതാവ് വ്യക്തമാക്കി.
വയനാട് പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ 2-ാം വർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനും കുറക്കോട് വിനോദ് നഗർ നിവാസിയുമായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമനിലുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക. കൃത്യമായി അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്.